കൽപ്പറ്റ: ജില്ലയിലെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ച ലക്ഷ്യമാക്കി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ’സമഗ്ര’ വിദ്യാഭ്യാസ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
ജില്ലയുടെ സാമൂഹിക സാന്പത്തിക വികസനത്തിന് ഗുണമേൻമയുള്ള വിദ്യാഭ്യാസം അനിവാര്യമാണ്. ശോഭനമായൊരു ഭാവി തലമുറയെ ജില്ലയിൽ സൃഷ്ടിച്ചെടുക്കാൻ ’സമഗ്ര’ പദ്ധതിയിലൂടെ സാധിക്കണമെന്നും മത്സരക്ഷമതയോടെ പദ്ധതിയുടെ വിജയത്തിനായി പരിശ്രമിക്കണമെന്നും എംഎൽഎ പറഞ്ഞു.
ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
ഡിഇഒ ശശീന്ദ്രവ്യാസ് പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ജോയിന്റ് പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് പദ്ധതി അവതരണം നടത്തി.
പൊതു വിഭാഗത്തിലെ പഠന പരിപോഷണ പരിപാടികൾ ഉൾപ്പെടുന്ന വിജ്ഞാൻ ജ്യോതി, ഗോത്ര വിഭാഗത്തിലെ പഠന പരിപോഷണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ഗോത്ര ദീപ്തി, ഓരോ സബ്ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന 50 കുട്ടികൾക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും വിവിധ വിഷയങ്ങളിൽ പ്രതിഭാപരിപോഷണ പ്രവർത്തനങ്ങൾ നടത്തുന്ന ടാലന്റ് ഹണ്ട്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഗോത്രസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഗോത്ര ഫെസ്റ്റ്, ജില്ലാ പഞ്ചായത്ത് വജ്രജൂബിലി കലാകാരൻമാരെ ഉൾപ്പെടുത്തി വിദ്യാലയങ്ങളിൽ സംഗീതം, നൃത്തം, മറ്റ് ക്ലാസിക്ക് കലകളിൽ പരിശീലനം നൽകുന്ന കലാഗ്രാമം, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പഠനസഹായികൾ വിതരണം ചെയ്യുന്ന പദ്ധതിയായ അരികെ.
ഹൈസ്ക്കൂൾ കുട്ടികൾക്ക് പഠനസഹായികൾ വിതരണം ചെയ്യുന്ന പദ്ധതിയായ ഉയരെ, ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ഗെയിമുകളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന വണ്‍ സ്കൂൾ വണ്‍ ഗെയിം, ലാബ് നവീകരണം, കംപ്യൂട്ടർ അനുബന്ധ സജ്ജീകരണം, എസ്സി/എസ്ടി പ്രോത്സാഹന പരിപാടികൾ, എസ്പിസി പരിപാടികൾ എന്നിങ്ങനെയുള്ള 12 പദ്ധതികളെ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് ’സമഗ്ര’.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം. മുഹമ്മദ് ബഷീർ, ജുനൈദ് കൈപ്പാണി, ഉഷ തന്പി, സീതാ വിജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എൻ.സി. പ്രസാദ്, എ.എൻ. സുശീല, കെ.ബി. നസീമ, കെ. വിജയൻ, സിന്ധു ശ്രീധർ, ഡിഇഒ കെ.എസ്. ശരത്ചന്ദ്രൻ, എസ്എസ്കെ ജില്ലാ കോർഡിനേറ്റർ വി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപൻ, പി.വി. മൊയ്തു, പി.പി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.