സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം നാടിന്റെ അഭിമാനമാകും: മന്ത്രി കെ. രാധാകൃഷ്ണൻ
1338334
Tuesday, September 26, 2023 12:22 AM IST
കൽപ്പറ്റ: തദ്ദേശീയ സ്വാതന്ത്ര്യസമര സേനാനികളുടെയും നാടിന്റെയും അഭിമാനമായി ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം മാറുമെന്ന് പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സുഗന്ധഗിരി ടിആർഡിഎം പുനരധിവാസ ഭൂമിയിൽ ഗോത്രവർഗ സ്വാതന്ത്ര സമര സേനാനി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഭിമാന കേന്ദ്രമായി മ്യൂസിയം വളരണം. ഭാവിയിൽ മ്യൂസിയം കൽപ്പിത സർവകലാശാലശാലയായി മാറ്റാൻ കഴിയുമോയെന്ന് പരിശോധിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ തദ്ദേശീയ ജനത നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. വയനാടൻ മണ്ണ് ദേശാഭിമാനത്തിന് വേണ്ടി പൊരുതി മരിച്ച ധീരൻമാരുടെ മണ്ണാണ്. ഈ ധീരദേശാഭിമാനികളോടുള്ള ആദരമാണ് ഗോത്രവർഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയം.
ഗോത്ര പാരന്പര്യ കലകൾ, വാമൊഴി അറിവുകൾ, തനത് ഭക്ഷ്യ അറിവുകൾ, നൈപുണ്യ വൈദഗ്ദ്ധ്യം എന്നിവ പരിപോഷിപ്പിക്കുവാനും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നിവയിൽ ഉൗന്നിയ പ്രവർത്തനോന്മുഖ ഗവേഷണ മേഖലയിലും സമുദായ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും മ്യൂസിയത്തിലൂടെ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. മുന്നേറാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ച് കൂട്ടായ മുന്നേറ്റം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ മ്യൂസിയത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മ്യൂസിയം മാതൃകാ രൂപത്തിന്റെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ചേവായൂരുള്ള പട്ടികജാതി പട്ടികവർഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിർത്താഡ്സ്) കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ധനസഹായത്തോടെ 16.66 കോടി ചെലവിലാണ് പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം പദ്ധതി നടപ്പാക്കുക. വൈത്തിരിയിലെ സുഗന്ധഗിരിയിൽ 20 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന മ്യൂസിയത്തിന്റെ നിർമാണ നടത്തിപ്പ് ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. പഴശി കലാപ ചരിത്രത്തിൽ പഴശി രാജയോടൊപ്പം പടനയിച്ച തലയ്ക്കൽ ചന്തുവടക്കമുള്ള ഗോത്ര സേനാനികളുടെ വിശദമായ ചരിത്രമാണ് മ്യൂസിയത്തിൽ ഇടം പിടിക്കുന്നത്.
തദ്ദേശീയ സമര സേനാനികളെ അടയാളപ്പെടുത്തുകയും അവരുടെ ജൻമനാടിനായുള്ള ത്യാഗ സ്മരണ നിലനിർത്തുകയും ചെയ്യുക എന്നതാണ് പട്ടികവർഗ സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിർമാണ ലക്ഷ്യം.
പരന്പരാഗത സങ്കൽപങ്ങൾക്ക് ഉപരിയായി മ്യൂസിയം നിർമാണത്തിലെ ആധുനിക സങ്കേതങ്ങളും വിശദീകരണ സങ്കേതങ്ങളും (നരേറ്റീവ് ടെക്നിക്സ്) ഉൾപ്പെടുന്നതായിരിക്കും നിലവിലെ മ്യൂസിയം. തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളർച്ച, സാംസ്കാരിക പൈതൃകം, കലാ സാഹിത്യ ആവിഷ്കാരങ്ങൾ, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവ മ്യൂസിയത്തിലുണ്ടാകും.
ഭാവിയിൽ തദ്ദേശീയ ജനതയുടെ കൽപിത സർവകലാശാലയാക്കാവുന്ന വിധത്തിലാണ് ആസൂത്രണം. മ്യൂസിയം പ്രവർത്തനം തുടങ്ങുന്പോൾ ക്യൂറേറ്റർ ഉൾപ്പെടെ എല്ലാ തൊഴിലവസരങ്ങളും പട്ടികവർഗക്കാർക്കായി മാറ്റിവയ്ക്കും. ആദിവാസി വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരെ തെരഞ്ഞെടുത്ത് പരിശീലനം നൽകും. ഗോത്രവിഭാഗങ്ങൾക്ക് കൂടുതൽ തൊഴിലിനും വരുമാനത്തിനും മ്യൂസിയം അവസരമാകും.
ചടങ്ങിൽ രാഹുൽ ഗാന്ധി എംപിയുടെ സന്ദേശം വായിച്ചു. ഒ.ആർ. കേളു എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ്, പൊഴുതന പഞ്ചായത്ത് അംഗങ്ങളായ കെ. ഗീത, തുഷാര സുരേഷ്, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീ, കിർത്താഡ്സ് ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.