പെരിക്കല്ലൂരിൽ ബസ് ഓപറേറ്റിംഗ് സെന്റർ ആരംഭിക്കാൻ നടപടി വേണമെന്ന്
1338115
Monday, September 25, 2023 1:03 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിലെ ബസ്സ്റ്റാൻഡ് നിർമാണ പ്രവർത്തികൾ പൂർത്തിയായിട്ടും കെഎസ്ആർടിസി ബസ് ഓപറേറ്റിഗ് സെന്റർ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് ആവശ്യമുയരുന്നു.
പെരിക്കല്ലൂരിൽ ബസ് സ്റ്റാൻഡ് നിർമാണ ആവശ്യത്തിലേക്കായി മുള്ളൻകൊല്ലി പഞ്ചായത്തിന്റെ കൈവശം രണ്ടേക്കർ സ്ഥലമാണുള്ളത്. ഇതിൽ ഒരേക്കർ ഭൂമി പെരിക്കല്ലൂർ സെന്റ് തോമസ് ദേവാലയം സൗജന്യമായി നൽകിയതാണ്. ഒരേക്കർ സ്ഥലം പഞ്ചായത്ത് വില കൊടുത്ത് വാങ്ങുകയും ചെയ്തു.
കെഎസ്ആർടിസി ബസ് ഓപറേറ്റിംഗ് സെന്റർ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ കെഎസ്ആർടിസി സ്ഥലം ഏറ്റെടുക്കുകയുള്ളുവെന്ന നിലപാട് അറിയിച്ചു.
ബസ്സ്റ്റാൻഡ് യാർഡ് നിർമാണത്തിനായി 50 ലക്ഷം രൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വിനിയോഗിച്ചിരുന്നു. ഈ തുക കൊണ്ട് യാർഡ് നിർമാണം പൂർത്തിയാക്കി. കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കാനുള്ള സ്ഥലം നാട്ടുകാരായിരുന്നു നൽകിയിരുന്നത്. ഇവിടെ രണ്ടു കെട്ടിടങ്ങൾ ഈ അടുത്ത് കാലത്ത് നിർമിച്ചു.
വൈകാതെ ജീവനക്കാരെ ഇവിടേക്ക് മാറ്റുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ബസ് സർവീസുകൾ ഇവിടെ നിന്ന് നടത്തുന്നുണ്ട്.