റോഡിലെ ഗേറ്റ് നീക്കം ചെയ്യാൻ നോട്ടീസ് നൽകി
1337940
Sunday, September 24, 2023 12:43 AM IST
മാനന്തവാടി: റോഡിന് കുറുകെ സ്ഥാപിച്ച ഗേറ്റ് പൊളിച്ചുനീക്കാൻ ഫാർമേഴ്സ് ബാങ്ക് അധികൃതർക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി. മെഡിക്കൽ കോളജ് റോഡിൽനിന്നു പിഡബ്ല്യുഡി ഇൻസ്പെക്ഷൻ ബംഗ്ലാവിലേക്കുള്ള പാതയിലാണ് ബാങ്ക് അധികൃതർ ഗേറ്റ് സ്ഥാപിച്ചത്.
ബാങ്ക് പരിസരത്തെ പാർക്കിംഗ് ഒഴിവാക്കുന്നതിനായിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം കാലാകാലങ്ങളായി അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുവരുന്ന ഇൻസ്പെക്ഷൻ ബംഗ്ലാവ്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ് ഇവിടേക്കുള്ള റോഡ്. റോഡരികിൽ ബാങ്കിന്റെ ഗോഡൗണ്‍ ഉണ്ട്. ചരക്കുവാഹനങ്ങൾക്കു വന്നുപോകുന്നതിനു റോഡ് ഉപയോഗിക്കാൻ ബാങ്കിനു കോടതി അനുമതി നൽകിയതിനു പിന്നാലെയാണ് ഗേറ്റ് സ്ഥാപിച്ച് താഴിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തത്.