കൽപ്പറ്റ: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായിരിക്കെ അന്തരിച്ച പി.പി.എ. കരീമിന്റേത് തൊഴിലാളികളെ ഹൃദയത്തോടു ചേർത്തുനിർത്തിയ ജീവിതമായിരുന്നുവെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
പി.പി.എ. കരീമിന്റെ ഒന്നാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുത്തൂർവയലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധാരണ നേതൃപാടവത്തിനു ഉടമയായിരുന്നു കരീം. കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ച് നവീകരിതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം.
പുതിയ ചിന്തകളെയും കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളുന്നതിൽ കരീം സദാ സന്നദ്ധത പുലർത്തിയിരുന്നു. പരന്ന വായന പുതിയ കാലത്തെ നിർവചിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ, വെല്ലുവിളികൾ, സാധ്യതകൾ, അവകാശങ്ങൾ എന്നിവ പഠിക്കുന്നതിൽ കരീം ശ്രദ്ധ ചെലുത്തി.
തൊഴിലാളികളും തൊഴിലുടമകളുമായി ഊഷ്മള ബന്ധം നിലനിർത്തി തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംഘടനാ പ്രവർത്തനത്തിലെ ആത്മാർത്ഥതയും രാഷ്ട്രീയ പ്രവർത്തനങ്ങളിലെ ജനകീയതയും കരീമിനെ വേറിട്ടുനിർത്തി. ബഹുസ്വരസമൂഹത്തിൽ അദ്ദേഹത്തിന്റെ പൊതുജീവിതം മാതൃകാപരമായിരുന്നുവെന്നും തങ്ങൾ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ. സദാനന്ദൻ, കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ, കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, എൻ.കെ. റഷീദ്, റസാഖ് കൽപ്പറ്റ, എൻ. നിസാർ അഹമ്മദ്, എം.എ. അസൈനാർ, സി.പി. മൊയ്തു ഹാജി, സലിം മേമന, സി.കെ. ഹാരിഫ്, അസീസ് കോറോം, എം.പി. നവാസ്, സി.എച്ച്. ഫസൽ, കെ.ബി. നസീമ, കെ.കെ.സി മൈമൂന, വി. അസൈനാർ ഹാജി എന്നിവർ പ്രസംഗിച്ചു.