ഓണ്‍ലൈൻ വായ്പ തട്ടിപ്പ്: ബോധവത്കരണം നടത്തണമെന്ന്
1337641
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ: ഓണ്‍ലൈൻ വായ്പ തട്ടിപ്പുകളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി പ്രാവർത്തികമാക്കണമെന്ന് ഡിഎംകെ ജില്ലാ സെക്രട്ടറി ടി. ഗിരീഷ്കുമാർ, പാർട്ടി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ഇ.സി. സനീഷ്, ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഹാരിസ് തോപ്പിൽ എന്നിവർ ആവശ്യപ്പെട്ടു.
ലോണ്‍ ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് വായ്പയെടുത്ത് കടക്കെണിയിൽ അകപ്പെടുകയും മാനക്കേട് ഭയന്ന് ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്.
ഇതിനു ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് പൂതാടി അരിമുളയിലെ അജയ് രാജിന്റെ മരണം. ആപ്പ് സജീവമാക്കുന്നതോടെ ഫോണിലുള്ള കോണ്ടാക്ട് നന്പറുകളടക്കം വായ്പ അനുവദിക്കുന്നവർക്കു പ്രാപ്യമാകുകയാണ്.
വായ്പ തിരിച്ചടവ് മുടക്കുന്നവരെ അശ്ലീല ചിത്രങ്ങൾ കൃത്രിമമായി തയാറാക്കി കോണ്ടാക്ട് നന്പറുകളിലേക്ക് അയച്ച് അപമാനിക്കുകയും മാനസികമായി തകർക്കുകയുമാണ്. ചെറിയ തുകയുടെ വായ്പ വലിയ ബാധ്യതയായി മാറിയതിലും അടുത്തറിയാവുന്നവർക്കിടയിൽ പരിഹാസ്യനാകുന്നതിലും മനംനൊന്താണ് പലരുടെയും ആത്മഹത്യ. കോവിഡ് പശ്ചാത്തലത്തിൽ സാധാരണക്കാർ നേരിടേണ്ടിവന്ന സാന്പത്തിക ബുദ്ധിമുട്ടുകളാണ് ഓണ്‍ലൈൻ വായ്പക്കാർ മുതലെടുത്തത്.
സാന്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്പോൾ കിട്ടാവുന്നിടത്തുനിന്നെല്ലാം വായ്പയെടുക്കുന്നത് നിരുത്സാഹപ്പെടുത്തണം. ഇതിന് സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ബോധവത്കരണം ആവശ്യമാണ്.
സാന്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് ഉദാര വ്യവസ്ഥകളിൽ വായ്പ ലഭ്യമാക്കാൻ സഹകരണ മേഖലയിലേതടക്കം ധനകാര്യ സ്ഥാപനങ്ങൾ തയാറാകണം. അത്യാവശ്യത്തിനു പരിസരത്തുള്ള ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പ കിട്ടാതെ വരുന്നതാണ് പലരെയും ഓണ്‍ലൈൻ, ബ്ലേഡ് വായ്പകളിലേക്ക് ആകർഷിക്കുന്നത്.
റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അന്വേഷണം ഓണ്‍ലൈൻ വായ്പകളിലൂടെ ചതിക്കുഴി ഒരുക്കുന്നവർക്കു മൂക്കുകയർ ഇടാൻ പര്യാപ്തമായില്ല.
അജ്ഞാത സ്ഥലങ്ങളിലിരുന്ന് വായ്പ ആപ്പുകളിലൂടെ ആളുകളെ കെണിയിൽപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണ ഏജൻസികളെ നിയോഗിക്കണമെന്നും ഡിഎംകെ ഭാരവാഹികൾ ആവശ്യപ്പെട്ടു.