ഹരിതം ആരോഗ്യം; ആരോഗ്യ പരിശോധന നടത്തി
1337432
Friday, September 22, 2023 2:34 AM IST
കൽപ്പറ്റ: ഹരിതം ആരോഗ്യം കാന്പയിനിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആർദ്രം മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം കാന്പയിൻ നടപ്പാക്കുന്നത്.
മേപ്പാടി എഫ്എച്ച്സി കോണ്‍ഫറൻസ് ഹാളിൽ നടന്ന മെഡിക്കൽ ക്യാന്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അർജുൻ അധ്യക്ഷത വഹിച്ചു. ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വാതിൽപ്പടി സേവനം നൽകുന്ന ഹരിത കർമ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാകുകയാണ് കാന്പയിനിന്റെ ലക്ഷ്യം.
33 പേരുടെ സ്ക്രീനിംഗ് നടന്നു. ബിഎംഐ, ബിപി, പ്രമേഹം, രക്ത ഗ്രൂപ്പ് നിർണയം, ഹീമോഗ്ലോബിൻ അളവും ക്യാന്പിൽ പരിശോധിച്ചു.
ജീവിതശൈലി രോഗങ്ങളെപ്പറ്റിയും, കാൻസർ സ്ക്രീനിംഗിനെപറ്റിയും അജൈവ മാലിന്യ ശേഖരണത്തിന് പോകുന്പോൾ എടുക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസും നടന്നു. ആർദ്രം നോഡൽ ഓഫീസർ ഡോ.പി.എസ്. സുഷമ ക്ലാസിന് നേതൃത്വം നൽകി.
മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. രാധാമണി, രാജു ഹെജമാഡി, നവകേരളം കർമ പദ്ധതി ഇന്റേണ്‍ വി.ആർ. മഞ്ജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. നവാസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എസ്. പ്രശാന്ത് കുമാർ, ടോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
വിംസ് ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.