ബാലമിത്ര 2.0; ജില്ലയിൽ തുടങ്ങി
1337424
Friday, September 22, 2023 2:34 AM IST
കൽപ്പറ്റ: കുട്ടികളിലെ കുഷ്ഠരോഗ നിർണയ നിർമാർജന പദ്ധതി ബാലമിത്ര 2.0 ജില്ലയിൽ തുടങ്ങി. കണിയാന്പറ്റ ഗവ. മോഡൽ സ്കൂളിൽ നടന്ന ജില്ലാതലപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. രേണു രാജ് മുഖ്യാതിഥിയായി. ബാലമിത്ര 2.0 പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു. കണിയാന്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത പ്രതിജ്ഞ ചൊല്ലികൊടുത്തു.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ. സാവൻ സാറ മാത്യു ബാലമിത്ര പരിപാടി വിശദീകരിക്കുകയും കുട്ടികൾക്ക് സ്വയം പരിശോധിക്കുന്നതിനാവശ്യമായ ബോധവത്കരണം നൽകുകയും ചെയ്തു.
കണിയാന്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി.എൻ. സുമ, വാർഡ് അംഗം റഷീദ് കമ്മിച്ചാൽ, വരദൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഇ. രേഷ്മ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് പി. വാസന്തി, സീനിയർ സൂപ്രണ്ട് സി. രാജ ലക്ഷ്മി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ കെ.എം. ഷാജി, കെ.എച്ച്. സുലൈമാൻ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ രാജൻ കരിന്പിൽ, നോണ് മെഡിക്കൽ സൂപ്പർവൈസർ പി. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 18 വയസ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗം നേരത്തെ കണ്ടെത്തി പൂർണമായി ചികിത്സിച്ചു ദേമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ബാലമിത്ര 2.0. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകി അംഗവൈകല്യവും രോഗപകർച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
നവംബർ 30 വരെയാണ് ബാലമിത്ര 2.0 പരിപാടി നടത്തുന്നത്. ജില്ലയിലെ മുഴുവൻ അങ്കണവാടി വർക്കർമാർക്കും തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ അധ്യാപകർക്കും കുഷ്ഠരോഗ സാധ്യതയുള്ള ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനുള്ള പരിശീലനം ആരോഗ്യ പ്രവർത്തകർ വഴി നൽകി. പിടിഎ വഴി രക്ഷകർത്താക്കൾക്കും ബോധവത്കരണം നൽകി വരുന്നുണ്ട്.
കുട്ടികൾക്ക് അധ്യാപകർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകർ ആരോഗ്യ പ്രവർത്തകർക്ക് നൽകുകയും മെഡിക്കൽ ഓഫീസർമാർ തുടർപരിശോധനകൾക്ക് വിധേയമാക്കി രോഗ നിർണയം നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.
രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തി സൗജന്യ ചികിത്സ നൽകിയാണ് തുടർ പ്രവർത്തനങ്ങൾ നടത്തുക. ഇതോടൊപ്പം കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അശാസ്ത്രീയ ധാരണകളും അനാവശ്യ ഭീതിയും ഇല്ലാതാക്കുകയും പ്രാരംഭത്തിലേ ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന രോഗമാണ് കുഷ്ഠരോഗമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്യാൻ ബാലമിത്ര പരിപാടി ലക്ഷ്യമിടുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടിയും സംഗീത വിരുന്നും നടന്നു.