വന്യമൃഗങ്ങളെ വേട്ടയാടിയ സംഘത്തെ അറസ്റ്റു ചെയ്തു
1337259
Thursday, September 21, 2023 7:57 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ വനമേഖലയിൽ നിന്ന് വന്യമൃഗങ്ങളെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് അറസ്റ്റു ചെയ്തു. നായാട്ട് നടത്തി മാംസം വില്പന നടത്തുന്ന സംഘത്തിൽപ്പെട്ട കേരള സ്വദേശികളായ നാലുപേരടക്കം അഞ്ചു പേരെയാണ് വനം വകുപ്പ് പിടികൂടിയത്.
മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ് അനീഷ്, വഴിക്കടവ് മരുത സ്വദേശികളായ ജിജോ ജോണ്‍, ജിബിൻ ജോണ്‍, പൊന്നാനി അമ്മൻകാവ് സ്വദേശി ജോബിൻ എന്നിവരെയാണ് പിടികൂടിയത്. മഞ്ചേരി സ്വദേശി ജാസിർ ഓടിരക്ഷപ്പെട്ടു. ഏഴ് മൊബൈൽ ഫോണുകൾ, ഒരു മഹീന്ദ്ര ജീപ്പ്, ഒരു ഇന്നോവ കാർ ആയുധങ്ങൾ എന്നിവ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ വാഹനങ്ങളിൽ മാംസം സൂക്ഷിക്കുന്നതിനുള്ള രഹസ്യ അറകൾ കണ്ടെത്തി.
മേഖലയിലെ തദ്ദേശവാസികളുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോ എന്നും വനപാലകർ അന്വേഷിച്ചുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ഗൂഡല്ലൂർ കോടതിയിൽ ഹാജരാക്കി ഒക്ടോബർ നാലുവരെ റിമാൻഡ് ചെയ്തു. ഓവാലി ഫോറഞ്ച് റേഞ്ചിലെ പ്രത്യേക രാത്രി പട്രോളിംഗ് ടീം അംഗങ്ങളായ ഫോറസ്റ്റർമാരായ സുദീർകുമാർ, വീരമണി, പീറ്റർ ബാബു, ഫോറസ്റ്റ് ഗാർഡുമാരായ അരുണ്‍കുമാർ, മണികണ്ഠൻ, മുരുകൻ, തമിഴൻബൻ, കാളിമുത്തു ഉൾപ്പെടെയുള്ള സംഘമാണ് വേട്ടസംഘത്തെ വനത്തിൽ നിന്ന് പിടികൂടിയത്.