വ്യാപാരി വ്യവസായി സമിതി: വയനാട് ജില്ലാ സെക്രട്ടറിക്കെതിരേ പടയൊരുക്കം
1337257
Thursday, September 21, 2023 7:57 AM IST
കൽപ്പറ്റ: വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറിക്കെതിരേ പടയൊരുക്കം. മുൻ ജില്ലാ ഭാരവാഹികളടക്കം സംഘടനയിലെ ഒരു വിഭാഗമാണ് സാന്പത്തിക ക്രമക്കേടുകൾ അടക്കം ആരോപണങ്ങളുമായി സെക്രട്ടറി വി.കെ. തുളസീദാസിനെതിരേ രംഗത്ത്. സെക്രട്ടറിയെ പദവിയിൽനിന്നു നീക്കണമെന്നും സമിതിയിലെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഇവർ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു, സെക്രട്ടറി വി.കെ.സി. മമ്മദ്കോയ എന്നിവർക്ക് പരാതി അയച്ചു.
20 വർഷമായി സെക്രട്ടറി സ്ഥാനത്ത് തുടരുന്ന തുളസീദാസ് സംഘടനയെ കറവപ്പശുവായി കൊണ്ടുനടക്കുകയാണെന്ന് സംസ്ഥാന നേതൃത്വത്തിനു പരാതി അയച്ച വിഭാഗത്തിൽപ്പെട്ട മുൻ ജില്ലാ പ്രസിഡന്റ് എ.ജെ. കുര്യൻ, ജില്ലാ കമ്മിറ്റിയംഗവും ബത്തേരി ഏരിയ പ്രസിഡന്റുമായ പി.കെ. ഷാജഹാൻ, ബത്തേരി ഏരിയ ജോയിന്റ് സെക്രട്ടറിയും മുൻ ജില്ലാ കമ്മിറ്റിയംഗവുമായ എൻ. മൊയ്തീൻകുട്ടി, മുൻ ജില്ലാ വൈസ് പ്രസിഡന്റ് സി.ജി. ജിനേഷ്, ചീരാൽ യൂണിറ്റ് ട്രഷറർ സി. സുകുമാരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട് മർക്കന്റൈൽ വെൽഫെയർ സംഹകരണ സംഘം എന്ന പേരിൽ 2019ൽ സമിതി ജില്ലാ നേതൃത്വം കച്ചവടക്കാരിൽനിന്നു 53 ലക്ഷത്തിലധികം രൂപ സമാഹിച്ചു. എങ്കിലും വ്യാപാരി ക്ഷേമത്തിനു ഉതകുന്ന പ്രവർത്തനം നടത്തിയില്ല. ഓഹരി എടുത്തവർക്ക് സർട്ടിഫിക്കറ്റോ രതീസിയോ നൽകിയില്ല. ആർക്കും വായ്പ അനുവദിച്ചില്ല. സംഘം ഓഫീസിൽ ജോലിക്കു നിയോഗിച്ചയാൾ ശന്പളം കിട്ടാതെ രാജിവച്ചു.
സമിതി ജില്ലാ കമ്മിറ്റിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പിരിവ് സെക്രട്ടറിയുടെ അക്കൗണ്ടിലേക്കാണ് നടത്തിയത്. പിരിവിനു മറവിൽ ക്രമക്കേടുകൾ നടന്നു. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിനു ജില്ലയിൽ പിരിച്ച തുകയിൽ ചെറിയ ശതമാനമാണ് കൈമാറിയത്. 2018ൽ പനമരത്ത് ചിട്ടി നടത്തിയ വകയിൽ കച്ചവടക്കാർക്ക് 20 ലക്ഷത്തിലധികം രൂപ കൊടുക്കാനുണ്ട്. രണ്ടു പതിറ്റാണ്ടായി ജില്ലയിൽ സംഘടനാപ്രവർത്തനം അവതാളത്തിലാണ്. 36 യൂണിറ്റുകളിലായി 2,200നു അടുത്തുമാത്രമാണ് ജില്ലയിൽ സംഘടനയ്ക്കു അംഗബലം.
യൂണിറ്റ് ഇല്ലാത്ത ടൗണുകൾ നിരവധിയാണ്. ക്ഷേമനിധി തരപ്പെടുത്താമെന്നു പറഞ്ഞ് വ്യാപാരികളിൽനിന്നു വലിയ തുക പിരിച്ചെന്ന പരാതി സെക്രട്ടറിക്കേതിരേ നിലനിൽക്കുന്നുണ്ട്. സമിതി ജില്ലാ ഘടകത്തിൽ ജനാധിപത്യം ഇല്ല. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതിയിൽ വിശദീകരിക്കുന്നുണ്ട്.
അടിയന്തര ഇടപെടൽ ഉണ്ടാകുന്നതിൽ സംസ്ഥാന നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടുതന്നെ ജില്ലയിൽ സെക്രട്ടറിയെ എതിർക്കുന്നവരുടെ കണ്വൻഷൻ വിളിച്ചുചേർത്ത് സമാന്തര കമ്മിറ്റി രൂപീകരിക്കുമെന്ന് കുര്യനും മറ്റും പറഞ്ഞു.