ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; ഒന്നാം പാദത്തിൽ 2255 കോടിയുടെ വായ്പാ വിതരണം
1337011
Wednesday, September 20, 2023 8:08 AM IST
കൽപ്പറ്റ: ജൂണ്‍ 30ന് അവസാനിച്ച ഒന്നാം പാദത്തിൽ 2255 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി ഫിനാൻസ് ഓഫീസർ സതീഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി.
ജില്ലയിലെ ബാങ്കുകളുടെ 2023-2024 സാന്പത്തിക വർഷത്തെ ഒന്നാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാർഷിക പ്ലാനിന്റെ 32.21 ശതമാനമാണ് വായ്പ നൽകിയത്. 1224 കോടി രൂപ കാർഷിക മേഖലയ്ക്കും 428 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും 349 കോടി രൂപ ഭവനവിദ്യാഭ്യാസ വായ്പ ഉൾപ്പെടുന്ന മറ്റു മുൻഗണന മേഖലയ്ക്കും വിതരണം ചെയ്തു.
ആകെ വിതരണം ചെയ്ത വായ്പയിൽ 2001 കോടി രൂപ മുൻഗണന മേഖലയ്ക്കാണ് വിതരണം ചെയ്തെന്ന് യോഗം കണ്‍വീനറായ ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ അറിയിച്ചു. ഒന്നാം പാദത്തിൽ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരുപ്പ് 9974 കോടിയായി വർധിച്ചു. നിക്ഷേപം 7479 കോടിയാണ്.
സാമൂഹ്യസുരക്ഷാ പദ്ധതികളിൽ ജില്ലയിലെ അർഹരായ മുഴുവൻ ജനങ്ങളെയും അംഗമാക്കുന്നതിനു ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷ 2023 ന്റെ അവലോകനം ഡെപ്യൂട്ടി കളക്ടർ കെ. ഗോപിനാഥ് നിർവഹിച്ചു.
ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യസുരക്ഷാപദ്ധതികളിൽ ചേർക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും മേൽനോട്ടത്തിൽ നബാർഡിന്റെ സാന്പത്തിക സഹായത്തോടെ നടത്തുന്ന സുരക്ഷ 2023 പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ ജില്ലയിലെ ഏഴു പഞ്ചായത്തുകളും ബത്തേരി മുനിസിപ്പാലിറ്റിയും പദ്ധതി പൂർത്തീകരിച്ചു.
വയനാട് ലീഡ് ഡിസ്ട്രിക്ട് ഓഫീസറും റിസർവ് ബാങ്ക് മാനേജറുമായ ഇ.കെ. രഞ്ജിത്ത്, നബാർഡ് ജില്ലാ ഡെവലപ്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ വി. ജിഷ, വ്യവസായ വകുപ്പ് മേധാവി ലിസിയാമ്മ സാമുവൽ, ക്ഷീര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി, എൻആർഇജിഎസ് ജോയിൻ പ്രോഗ്രാം കോർഡിനേറ്റർ പി.സി. മജീദ്, എൻയുഎൽഎം മാനേജർ എസ്. നിഷ എന്നിവർ വായ്പ അവലോകനത്തിന് നേതൃത്വം നൽകി. യോഗത്തിൽ ജില്ലയിലെ മുഴുവൻ ബാങ്കുകളും വിവിധ സർക്കാർ വകുപ്പ് മേധാവികളും പങ്കെടുത്തു.