ജില്ലാഅത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: കാട്ടിക്കുളം മുന്നിൽ
1337003
Wednesday, September 20, 2023 8:08 AM IST
കൽപ്പറ്റ: മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ജില്ലാഅത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം.
അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 40-ാമത് ജൂണിയർ, സീനിയർ ചാന്പ്യൻഷിപ്പാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.ആദ്യ ദിനത്തിൽ 10 ഇനങ്ങളിൽ മത്സരങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്റുമായി കാട്ടിക്കുളം അക്കാദമിയാണ് ഒന്നാം സ്ഥാനത്ത്. കൽപ്പറ്റ സ്പോർട്സ് ഹോസ്റ്റൽ 50 പോയിന്റുമായി രണ്ടാം സ്ഥാനത്തും 47 പോയിന്റുമായി പനമരം ക്രസന്റ് സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനത്തുമാണ്. അണ്ടർ 14 വിഭാഗത്തിൽ പനമരം ക്രസന്റ് സ്പോർട്സ് അക്കാദമി 32 പോയിന്റുമായി വിജയികളായി.
26 പോയിന്റുമായി കാട്ടിക്കുളം അത്ലറ്റിക് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്. പുരുഷൻമാരുടെ പതിനായിരം മീറ്റർ മത്സരത്തോടെയാണ് ഇന്നത്തെ മത്സരങ്ങൾ ആരംഭിക്കുന്നത്.
രാവിലെ ഏഴിനാണ് മത്സരം. ഡിസ്കസ് ത്രോ, ഹാമർ, ത്രോ, ഹർഡിൽസ്, പോൾ വാൾട്ട് തുടങ്ങി വിവിധ വിഭാഗങ്ങളിലും ഇന്നാണ് മത്സരം. 14, 16, 18, 20 വയസ് വിഭാഗങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലബുകളിൽ അംഗങ്ങളായ പുരുഷ വനിതാ വിഭാഗങ്ങളും ഉൾപ്പെടെ 145 വിഭാഗങ്ങളിലാണ് മത്സരങ്ങൾ.ജില്ലാ അത്ലറ്റിക്സ് അസോസിയേഷനിൽ അംഗത്വമുള്ള ജില്ലയിലെ സ്കൂൾ, കോളജ്, ക്ലബുകൾ എന്നിവിടങ്ങളിൽ നിന്നും 700 ഓളം കായിക താരങ്ങളാണ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ജില്ലാ പോലീസ് മേധാവി പദം സിംഗ് ചാന്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ മുഖ്യാതിഥിയായിയിരുന്നു.