വയനാട്ടിലും ഇഞ്ചി കൃഷിയിൽ നൂറുമേനി വിളയിച്ച് കർഷകൻ
1336767
Tuesday, September 19, 2023 8:02 AM IST
പുൽപ്പള്ളി: ഇഞ്ചി കൃഷിയിൽ മാതൃകയായി മുള്ളൻകൊല്ലി പാളക്കൊല്ലിയിലെ കൃഷിയിടം. കർണാടക മോഡലിൽ ഇഞ്ചി കൃഷി വയനാട്ടിലും നടത്താമെന്ന് തെളിയിച്ചിരിക്കുകയാണ് മുള്ളൻകൊല്ലി പാളക്കൊല്ലി ചാലക്കൽ ഷെൽജൻ എന്ന കർഷകൻ. 2.80 ഏക്കർ സ്ഥലത്താണ് ഇത്തവണ ഷെൽജൻ ഇഞ്ചി കൃഷി ഇറക്കിയിരിക്കുന്നത്.
സമാനമായ രീതിയിൽ ഇത് മൂന്നാംതവണയാണ് ഷെൽജൻ കൃഷി ചെയ്തിട്ടുള്ളത്. ഇഞ്ചികൃഷിക്ക് അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ ജില്ലയിലെന്ന് ഷെൽജൻ പറയുന്നു.
സാധാരണ ഇഞ്ചി കൃഷി ചെയ്യുന്നതിനും നിന്നും വ്യത്യസ്തമായാണ് ഇത്തവണ ഷെൽജൻ കൃഷിയിറക്കിയിട്ടുള്ളത്. ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണൊന്നാകെ ഇളക്കി മറിച്ച് ചാൽ കീറി, രണ്ടരയടി പൊക്കത്തിൽ ബെഡ്ഡൊരുക്കിയാണ് കൃഷി. മഴ കൂടുതൽ ലഭിക്കുന്ന സ്ഥലമായതിനാൽ കേട് വരാനുള്ള സാധ്യത ഒഴിവാക്കാനാണ് ഇത്രയും പൊക്കത്തിൽ ബെഡ്ഡൊരുക്കിയത്. അഞ്ച് മാസം കൊണ്ട് വിളവെടുക്കാവുന്ന കൃഷിയായതിനാൽ മികച്ച പരിചരണം അനിവാര്യമാണെന്നും ഷെൽജൻ പറയുന്നു.
ജലസേചനം നടത്താനുള്ള സൗകര്യമുള്ളവർക്ക് കൃഷി എളുപ്പമാകും. കഴിഞ്ഞ തവണ ജലസേചന സൗകര്യത്തിന്റെ അഭാവം മൂലം അഞ്ച് ഏക്കർ കൃഷി നടത്തിയവർ വരെ പ്രതിസന്ധിയിലായിരുന്നു. അതുകൊണ്ട് തന്നെ ജലസേചന സൗകര്യമുള്ള സ്ഥലം കണ്ടെത്തിയാണ് ഇഞ്ചികൃഷി നടത്താറുള്ളതെന്നും ഷെൽജൻ പറഞ്ഞു.
ജില്ലയിൽ ഒരു ഏക്കർ കൃഷി നടത്താൻ ആറ് ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. ഇവിടെ തൊഴിലാളികളെ കിട്ടാത്തതും കൂലി വർധനയും കർഷകർ നേരിടുന്ന പ്രതിസന്ധിയാണ്.
മഴ ശക്തമായാൽ ഇഞ്ചിക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അത്തരം പ്രശ്നങ്ങളെയെല്ലാം തരണം ചെയ്താണ് ഇഞ്ചിക്കൃഷി.