കടുവാശല്യം: അനിശ്ചിതകാല രാപകൽ സമരം മാറ്റിവച്ചു
1336763
Tuesday, September 19, 2023 8:02 AM IST
മാനന്തവാടി: പനവല്ലിയിലെ കടുവാശല്യത്തിൽ പ്രതിഷേധിച്ച് സർവകക്ഷി യോഗം നടത്താനിരുന്ന അനിശ്ചിതകാല രാപകൽ സമരം മാറ്റിവച്ചു. വനം വകുപ്പ് അധികൃതർ കടുവകളെ മയക്കുവെടിവച്ച് പിടികൂടും എന്ന് ഉറപ്പ് നൽകിയസാഹചര്യത്തിലാണ് സമരം മാറ്റിവച്ചത്.
ഇന്നലെ ചേർന്ന സർവകക്ഷിനേതാക്കളുടെ യോഗമാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കടുവകളെ മയക്കുവെടിവച്ച് പിടികൂടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റും. ട്രഞ്ച്, ഫെൻസിംഗ് എന്നീവ നവീകരിക്കുമെന്ന് അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റി വച്ചത്.
കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഒരാഴ്ച സമയവും വനം വകുപ്പ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ പ്രദേശത്തെ മുഴുവൻ സ്വകാര്യ തോട്ടങ്ങളിലും കാട് വെട്ടിത്തെളിക്കാനും വനം വകുപ്പ് നിർദേശം നൽകി. ഇന്നലെയും കടുവയ്ക്കായ് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ കെ.പി. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.