പരിസ്ഥിതി ആഘാത പഠന അഥോറിറ്റി പിരിച്ചുവിടണം: വയനാട് പ്രകൃതി സംരക്ഷണ സമിതി
1336761
Tuesday, September 19, 2023 8:02 AM IST
കൽപ്പറ്റ: സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിറ്റി പിരിച്ചുവിട്ട് ചെയർമാനും അംഗങ്ങൾക്കുമെതിരേ ക്രിമിനൽ കേസ് എടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അഴിമതിക്കും പരിസ്ഥിതി വിരുദ്ധ നടപടികൾക്കും കുപ്രസിദ്ധമാണ് അഥോറിറ്റി.
പഠനം നടത്താതെയും നിയമം ലംഘിച്ചും കോഴിക്കോട് പന്തീരങ്കാവിൽ റിയൽഎസ്റ്റേറ്റ് പദ്ധതിക്ക് 2020ൽ അനുമതി നൽകിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് അഥോറിറ്റി പിരിച്ചുവിടാൻ ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. അഥോറിറ്റി പരിച്ചുവിടാതെ ട്രിബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകാനാണ് സർക്കാർ നീക്കം. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വയനാട്ടിൽ ഖനനത്തിനും നിർമാണത്തിനും മലയിടിക്കലിലും വിദഗ്ധ സമിതിയുടെ പരിശോധനയും ശിപാർശയും ഇല്ലാതെ അഥോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
മുപ്പൈനാട് പഞ്ചായത്തിലെ വാളാരംകുന്നിൽ കരിങ്കൽ ഖനനത്തിന് മാനദണ്ഡങ്ങൾ മറികടന്നാണ് അഥോറിറ്റി അനുമതി നൽകിയത്. പ്രദേശം റെഡ് സോണിലായതിനാൽ ജില്ലാ കളക്ടർ ഈ ക്വാറിയുടെ പ്രവർത്തനം വിലക്കുകയായിരുന്നു.
മീനങ്ങാടി പഞ്ചായത്തിലെ മൂന്നാനക്കുഴിയിൽ നെൽവയലുകളുടെയും ജലസ്രോതസുകളുടെയും നാശത്തിന് കാരണമാകുന്ന ക്വാറിക്ക് പരിസ്ഥിതി അനുമതി നൽകിയതിനെതിരേ ജനം പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇവിടം വിദഗ്ധ സമിതി സന്ദർശിക്കുകയോ പബ്ലിക് ഹിയറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. അഥോറിറ്റി നടപടികൾ വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് അന്പലവയൽ, ബാബു മൈലന്പാടി, പി.എം. എൽദോ, എ.വി. മനോജ്, സണ്ണി മരക്കടവ്, പി.എം. സുരേഷ്, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.