വനത്തിൽ നിന്നുള്ള തേൻ ശേഖരണം ഇനി കരുതലോടെ
1336759
Tuesday, September 19, 2023 8:02 AM IST
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക ദുർബല ഗോത്രവർഗ ജനതയ്ക്കുള്ള ജീവനോപാധി പദ്ധതി പ്രകാരം വനത്തിൽ നിന്ന് തേൻ ശഖരിക്കുന്നവർക്കായുള്ള പരിശീലനം നൂൽപ്പുഴ പഞ്ചായത്തിൽ തുടങ്ങി.
പ്രായോഗിക സുരക്ഷാ പരിശീലനത്തിന്റെ ഭാഗമായി ഫയർ ആൻഡ് റെസ്ക്യൂ സുൽത്താൻ ബത്തേരി സ്റ്റേഷന്റെ നേതൃത്വത്തിൽ പൊൻകുഴി കാട്ടുനായ്ക്ക സങ്കേതത്തിലാണ് പരിശീലനം നടന്നത്. പൊൻകുഴി, കാളൻകണ്ടി, അന്പതേക്കർ എന്നീ പട്ടികവർഗ സങ്കേതങ്ങളിലെ 60 പേർക്കാണ് പരിശീലനം ആരംഭിച്ചത്.
തേൻ ശേഖരണം മുതൽ വിപണനം വരെയുള്ള ശൃംഖല പൂർണമായും കൈകാര്യം ചെയ്യാൻ തേൻ ശേഖരണം നടത്തുന്നവരെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. തേൻ ശേഖരണത്തിനും സംസ്കരണത്തിനും ആവശ്യമായ ഉപകരണങ്ങൾ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും.
പട്ടികവർഗ വികസന വകുപ്പിന് വേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റാണ് പദ്ധതി നിർവഹണം നടത്തുന്നത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഐപ്പ് ടി. പൗലോസ്, ബാലൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജയ് ശങ്കർ, സതീഷ്, മാർട്ടിൻ, ജില്ലാ കോർഡിനേറ്റർ പി.സി. ദിലീപ്, ഫീൽഡ് ഓഫീസർ എം.ആർ. ശ്രുതി, പ്രമോട്ടർ കെ.കെ. രഞ്ജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.