മിഷൻ ഇന്ദ്രധനുഷ്: രണ്ടാം ഘട്ടത്തിൽ നൂറ് ശതമാനം നേട്ടം
1336476
Monday, September 18, 2023 1:47 AM IST
കൽപ്പറ്റ: അഞ്ചു വയസ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്5.0 യുടെ രണ്ടാം ഘട്ടത്തിൽ ജില്ലയ്ക്ക് നൂറ് ശതമാനം നേട്ടം.
2027 കുട്ടികൾക്കും 427 ഗർഭിണികൾക്കും വാക്സിൻ നൽകി. ഇതിൽ അതിഥി തൊഴിലാളികളുടെ 21 കുട്ടികളും നാല് ഗർഭിണികളും ഉൾപ്പെടുന്നു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 340 സെഷനുകളാണ് ഇതിനായി സംഘടിപ്പിച്ചത്.
ബിസിജി, ഒപിവി, ഐ, പിവി, റോട്ടാ വാക്സിൻ, എംആർ, ഡിപിടി, ടിഡി, പിസിവി, പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് നൽകിയത്. പ്രതിരോധ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന മാരക രോഗങ്ങളിൽനിന്ന് കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെയും വിട്ടുപോകാതിരിക്കാൻ ജില്ലയിലുടനീളം ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
മൂന്ന് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ് ജില്ലയിലുണ്ടായത്.
ഒക്ടോബർ ഒന്പത് മുതൽ 14 വരെ നടക്കുന്ന മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സന്പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്നു.
ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ഏതെങ്കിലും കുത്തിവയ്പ്പെടുക്കാൻ സാധിക്കാതെ പോയ രക്ഷിതാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.പി ദിനീഷ് പറഞ്ഞു