നിപ: ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു
1336471
Monday, September 18, 2023 1:45 AM IST
ഊട്ടി: കേരളത്തിലെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഊട്ടിയിലേക്ക് മലയാളി സഞ്ചാരികളുടെ വരവ് കുറഞ്ഞു.
കേരളത്തിൽ നിന്ന് അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളാണ് ഊട്ടി സന്ദർശിക്കാനെത്തിയിരുന്നത്. എന്നാൽ നിപ കാരണം വരവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, പൈക്കാര ബോട്ട് ഹൗസ്, ഷൂട്ടിംഗ് മട്ടം തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ കുറവാണ്. കേരളത്തിൽ നിന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും അതിർത്തിയിൽ പരിശോധിക്കുന്നുണ്ട്.
ആരോഗ്യ പ്രവർത്തകർ ആവശ്യമായവരെ ടെസ്റ്റ് ചെയ്യുന്നുമുണ്ട്. ഇത് കണക്കിലെടുത്താണ് സഞ്ചാരികൾ വരാത്തതെന്നാണ് അനുമാനം. നിപ ഭീതി ഒഴിഞ്ഞാൽ മാത്രമേ കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ എത്തുകയുള്ളുവെന്നാണ് പ്രതീക്ഷിക്കുന്നത്.