സഞ്ചരിക്കുന്ന മൃഗാശുപത്രി മൂന്നാം വർഷത്തിലേക്ക്
1336469
Monday, September 18, 2023 1:45 AM IST
മാനന്തവാടി: വളർത്തുമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതി മൂന്നാം വർഷത്തിലേക്ക്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലെ വളർത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതി ക്ഷീരകർഷകർക്ക് ഏറെ പ്രയോജനകരമായി.
ഒരു സാന്പത്തിക വർഷം 20.5 ലക്ഷം രൂപയാണ് പദ്ധതിക്കു വിനയോഗിക്കുന്നത്. ബ്ലോക്കിലെ 21 ക്ഷീര സംഘങ്ങളെയും ആറ് മൃഗാശുപത്രികളെയും കോർത്തിണക്കി തയാറാക്കുന്ന പ്രവർത്തന കലണ്ടർ അടിസ്ഥാനപ്പെടുത്തിയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ ഗവ. മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജനാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ.
പ്രത്യേകം സജ്ജീകരിച്ച വാഹനം, വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡർ, അവശ്യമരുന്നുകൾ എന്നിവയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനത്തിലുള്ളത്. മാസത്തിൽ രണ്ടായിരത്തോളം മൃഗങ്ങൾക്ക് ചികിത്സ നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയുന്നുണ്ട്.
ഗുരുതര രോഗം ബാധിച്ച കന്നുകാലികളുളള തൊഴുത്തുകളിലെത്തി ചികിത്സ നൽകാനും സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്.