ബ്രഹ്മഗിരി സൊസൈറ്റി: നിക്ഷേപകരിൽ രണ്ടുപേർ കളക്ടർക്ക് പരാതി നൽകി
1336273
Sunday, September 17, 2023 7:26 AM IST
കൽപ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളിൽ നിക്ഷേപം നടത്തിയതിൽ രണ്ടുപേർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സുൽത്താൻ ബത്തേരി താലൂക്കിൽനിന്നുള്ള കർഷകനും റിട്ട.ഉദ്യോഗസ്ഥനുമാണ് പരാതി നൽകിയത്. ആദ്യമായാണ് വ്യക്തികൾ സൊസൈറ്റിക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. ബഹ്മഗിരിയിൽ നിക്ഷേപം നടത്തിയ ചില സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളും അടുത്തിടെ കളക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
2019 ലാണ് പരാതിക്കാരായ വ്യക്തികൾ അഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിച്ചത്. 2022 ജൂണ് മുതൽ പലിശ ലഭിക്കുന്നില്ല. ഇതേത്തുടർന്ന് നിക്ഷേപവും പലിശയും തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. 2023 ജനുവരിയിൽ രജിസ്റ്റർ ചെയ്ത് അയച്ച കത്തിന് മറുപടി കിട്ടിയില്ല. പലിശ സഹിതം ഏകദേശം ആറര ലക്ഷം രൂപ വീതം ഇവർക്ക് ലഭിക്കാനുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ചും നിക്ഷേപം പലിശ സഹിതം തിരികെ കിട്ടുന്നതിന് നടപടി ആവശ്യപ്പെട്ടുമാണ് ഇരുവരും വെവ്വേറെ പരാതി നൽകിയത്.
സിപിഎമ്മിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ളതാണ് ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബ്രഹ്മഗിരിയുടെ പ്രധാന പ്രോജക്ടായ മലബാർ മീറ്റ് ഫാക്ടറിയുടേതടക്കം പ്രവർത്തനം നിലച്ചിരിക്കയാണ്. സൊസൈറ്റിയുടെ 21 ഡയറക്ടർമാരിൽ ഒ.ആർ. കേളു എംഎൽഎ അടക്കം ആറു പേർ സർക്കാർ നോമിനികളാണ്. ഏകദേശം 88 കോടി രൂപയാണ് നിലവിൽ സൊസൈറ്റിക്ക് ബാധ്യത. ഇതിൽ 68 കോടി രൂപ നിക്ഷേപം നടത്തിയ വ്യക്തികൾക്കു നൽകാനുള്ളതാണ്. ബാങ്കുകൾക്കും മറ്റും കൊടുക്കാനുള്ളതാണ് 20 കോടി രൂപ. സൊസൈറ്റിയിൽ 40 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവർ വ്യക്തികൾക്കിടയിലുണ്ട്.
നിക്ഷേപം പലിശ സഹിതം തിരികെ നൽകാൻ സൊസൈറ്റിക്കു കഴിയാതാകുകയും പ്രശ്ന പരിഹാരത്തിന് സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വം ശക്തമായി ഇടപെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് വ്യക്തികളുടെ പരാതി. കൂടുതൽ പേർ പരാതി നൽകുന്നതിനു തയാറെടുക്കുന്നതായാണ് വിവരം.
സിപിഎം ബന്ധമാണ് പലരേയും പരാതി നൽകുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നത്. നിക്ഷേപകരിൽ 50 ഓളം പേർ ഓഗസ്റ്റ് അവസാനവാരം സുൽത്താൻ ബത്തേരിയിൽ യോഗം ചേർന്നിരുന്നു. നിക്ഷേപങ്ങൾ വാങ്ങി കബളിപ്പിച്ചതിന് സൊസൈറ്റി അധികൃതർക്കെതിരേ പോലീസിൽ പരാതി നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത ചിലർ നിർദേശിക്കുകയുണ്ടായി. എന്നാൽ പാർട്ടിയെ ബാധിക്കുമെന്നതിനാൽ പോലീസിനെ സമീപിക്കേണ്ടെന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്. പോലീസിൽ പരാതി നൽകുന്നതിൽ തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്. നിക്ഷപകരിൽ ഭൂരിപക്ഷവും വിരമിച്ച സിപിഎം അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമാണ്. കരാറുകാരും നിക്ഷേപം നടത്തിയിട്ടുണ്ട്.
സിപിഎം നേതാവും എംഎൽഎയുമായിരുന്ന അന്തരിച്ച പി.വി. വർഗീസ് വൈദ്യരാണ് സൊസൈറ്റി സ്ഥാപക ചെയർമാൻ. മലബാർ മീറ്റ്, വയനാട് കോഫി, ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് എന്നിവ സൊസൈറ്റി നടപ്പാക്കിയ പ്രധാന പദ്ധതികളാണ്. കേരള ചിക്കൻ പ്രോജക്ടിന്റെ നോഡൽ എജൻസിയായും സൊസൈറ്റി പ്രവർത്തിക്കുകയുണ്ടായി. നിക്ഷേപം ഇനത്തിൽ അറുനൂറിൽപരം വ്യക്തികൾക്കും പത്ത് സഹകരണ ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് സൊസൈറ്റി പണം നൽകാനുള്ളത്.
മലബാർ മീറ്റ് പ്ലാന്റ് യാഥാർഥ്യമാക്കുന്നതിനു മാത്രം 4.21 കോടി രൂപ കുടുംബശ്രീ യൂണിറ്റുകൾ, ക്ഷീര സംഘങ്ങൾ എന്നിവയിൽനിന്നും വ്യക്തികളിൽനിന്നും സമാഹരിച്ചിരുന്നു. ചെയർമാനായിക്കെ മുൻ എംഎൽഎയും കർഷക സംഘം അഖിലേന്ത്യാ നേതാവുമായ പി. കൃഷ്ണപ്രസാദ് സ്വന്തം ഭൂമി ഈടു നൽകി സൊസൈറ്റിക്കുവേണ്ടി എടുത്ത വായ്പ കുടിശികയായിരിക്കയാണ്.
കേരള ചിക്കൻ പ്രോജക്ടിൽ കോഴി വളർത്തലിൽ ഏർപ്പെട്ട കർഷകരിൽനിന്നു വിത്തുധനമായി വാങ്ങിയ തുകയും സൊസൈറ്റി തിരികെ നൽകാനുണ്ട്. മൂന്നര കോടിയോളം രൂപയാണ് സൊസൈറ്റി വിവിധ ജില്ലകളിലായി കോഴിക്കർഷകർക്ക് കൊടുക്കാനുള്ളത്. ജീവനക്കാരുടെ ശന്പളം ഇനത്തിലും സൊസൈറ്റിക്കു വലിയ തുക ബാധ്യതയുണ്ട്.