വയനാട് ഗവ.മെഡിക്കൽ കോളജ്: ആക്്ഷൻ കമ്മിറ്റി പെട്ടി മടക്കി
1301882
Sunday, June 11, 2023 7:17 AM IST
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ട്രസ്റ്റിൽനിന്നു ദാനമായ സ്വീകരിച്ച ഭൂമിയിൽ സ്ഥാപിക്കുന്നതിനായുള്ള പ്രക്ഷോഭങ്ങൾ കെട്ടടങ്ങി. നിലച്ച മട്ടിലാണ് മെഡിക്കൽ കോളജ് മടക്കിമലയിൽ വേണമെന്ന വാദവുമായി രംഗത്തുണ്ടായിരുന്ന ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം.
ജില്ലയിൽ പൊതുരംഗത്ത് പ്രശസ്തരായ ഇ.പി. ഫിലിപ്പുകുട്ടി ചെയർമാനും വിജയൻ മടക്കമില ജനറൽ കണ്‍വീനറും വി.വി. അബ്ദുൾ ഷുക്കൂർ ട്രഷററുമായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി മെഡിക്കൽ കോളജ് വിഷയത്തിൽ കഴിഞ്ഞ നാലുമാസത്തിനിടെ ഒരു സമരവും നടത്തിയില്ല. ജനുവരിക്കുശേഷം ആക്ഷൻ കമ്മിറ്റി യോഗവും ചേർന്നിട്ടില്ല. 13 ഭാരവാഹികളടക്കം 82 അംഗങ്ങൾ അടങ്ങുന്നതാണ് ആക്ഷൻ കമ്മിറ്റി.
മെഡിക്കൽ കോളജ് മാനന്തവാടിയിൽനിന്നു 13 കിലോമീറ്റർ അകലെ ബോയ്സ് ടൗണിൽ ഗ്ലെൻ ലെവൻ എസ്റ്റേറ്റിൽനിന്നു ഏറ്റെടുത്ത സ്ഥലത്തു സ്ഥാപിക്കുന്നതിനു 2022 രണ്ടാം പകുതിയിൽ നീക്കമുണ്ടായപ്പോഴായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ പിറവി. മെഡിക്കൽ കോളജ് മടക്കിമലയ്ക്കു സമീപം ഭൂമിയിൽ സ്ഥാപിക്കമെന്ന് ആഗ്രഹിക്കുന്ന ഏതാനും പേർ രൂപീകരിച്ച വാട്സാപ് കുട്ടായ്മ ആക്ഷൻ കമ്മിറ്റിയായി മാറുകയായിരുന്നു. കണ്ണൂർ ജില്ലാ അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണ് ബോയ്സ് ടൗൺ. വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിലെ പല ഭാഗങ്ങളിലുമുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദൂര പ്രദേശമായ ബോയ്സ് ടൗണിൽ മെഡിക്കൽ കോളജിനു സ്ഥിരനിർമാണം നടത്തുന്നതിലെ ഔചിത്യം ചോദ്യം ചെയ്തായിരുന്നു ആക്ഷൻ കമ്മിറ്റിയുടെ ആവിർഭാവം.
മെഡിക്കൽ കോളജ് കോട്ടത്തറ വില്ലേജിലെ ഭൂമിയിൽ സ്ഥാപിക്കുന്നതിനു സർക്കാരിൽ സമ്മർദം ചെലുത്തമെന്ന് അഭ്യർഥിച്ച് ജില്ലയിലെ ത്രിതല പഞ്ചായത്ത്-മുനിസിപ്പൽ അധ്യക്ഷരെ നേരിൽക്കണ്ട് കത്ത് നൽകിയായിരുന്നു ആക്ഷൻ കമ്മിറ്റി വിപുലമായ പ്രവർത്തനത്തിനു തുടക്കമിട്ടത്. ഇതിനുശേഷം നടത്തിയ പ്രചാരണ വാഹനജാഥ ജനശ്രദ്ധ നേടി. പിന്നീട് കളക്ടറേറ്റ് പടിക്കലെ ദശദിന റിലേ സത്യഗ്രഹം ഉൾപ്പെടെ സമരങ്ങളും സംഘടിപ്പിച്ചു. ഒക്ടോബർ 10 മുതൽ 20 വരെയായിരുന്നു റിലേ സത്യഗ്രഹം. സുൽത്താൻ ബത്തേരി താലൂക്കിലെ കല്ലൂരിൽനിന്നു വൈത്തിരി താലൂക്കിലെ ലക്കിടിയിലേക്ക് ’ശവമഞ്ചയാത്രയും’ സമരപരിപാടികളുടെ ഭാഗമായിരുന്നു. കൽപ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയിൽനിന്നു ദാനഭൂമിയിലേക്കുള്ള വഴിയിൽ ’ഗവ.മെഡിക്കൽ കോളജ്’ എന്ന ബോർഡും ആക്ഷൻ കമ്മിറ്റി സ്ഥാപിച്ചു.
കോട്ടത്തറ വില്ലേജിൽ ദാനം ചെയ്ത 50 ഏക്കർ ഭൂമി മെഡിക്കൽ കോളജിനു ഉപയോഗപ്പെടുത്താത്ത സാഹചര്യത്തിൽ ചന്ദ്രപ്രഭ ട്രസ്റ്റിന് തിരികെ കൊടുക്കാൻ ഹൈക്കോടതി ഉത്തരവായതും കുഴിക്കൂറുകളുടെ വില മാത്രം അനുവദിച്ചു ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെ 75 ഏക്കർ ഏറ്റെടുത്ത സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതും ആക്ഷൻ കമ്മിറ്റിയാണ് ജനശ്രദ്ധയിലെത്തിച്ചത്. മെഡിക്കൽ കോളജ് വിഷയത്തിൽ വയനാട് പ്രസ്ക്ലബിൽ 13 വാർത്താസമ്മേളനങ്ങളാണ് ആക്ഷൻ കമ്മിറ്റി നടത്തിയത്.
ഇടതുമുന്നണിക്കു തോന്നുന്നിടത്തു സ്ഥാപിക്കാനുള്ള ടൂറിസ്റ്റുകേന്ദ്രമല്ല ഗവ.മെഡിക്കൽ കോളജ് എന്ന ശക്തമായ നിലപാടും ആക്ഷൻ കമ്മിറ്റി സ്വീകരിക്കുകയുണ്ടായി. മെഡിക്കൽ കോളജ് എവിടെ സ്ഥാപിക്കണമെന്നതിൽ കൽപ്പറ്റ, മാനന്തവാടി എംഎൽഎമാർ അഭിപ്രായം പരസ്യമാക്കിയതും ആക്ഷൻ കമ്മിറ്റിയുടെ രംഗപ്രവേശനത്തിനുശേഷമാണ്. മെഡിക്കൽ കോളജ് മാനന്തവാടിയിൽത്തന്നെ എന്ന ഉറച്ചനിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് ആക്ഷൻ കമ്മിറ്റി പ്രവർത്തനം മന്ദീഭവിച്ചത്.
ഭാരവാഹികൾ വിളിക്കുന്ന യോഗങ്ങളിലും മറ്റും ആളുകളുടെ പങ്കാളിത്തം കുറയാൻ തുടങ്ങി. ഡിസംബർ 31ന് മുട്ടിലിൽ ജനറൽ കണ്‍വീനർ വിളിച്ച യോഗത്തിനു അഞ്ചു പേർ മാത്രമാണ് എത്തിയത്. ഇതേത്തുടർന്ന് ചെയർമാൻ കൽപ്പറ്റയിൽ വിളിച്ച യോഗത്തിൽ 12 പേരാണ് പങ്കെടുത്തത്. ജനുവരിയിൽ കാക്കവയലിൽ സംഘടിപ്പിച്ച യോഗമാണ് ആക്ഷൻ കമ്മിറ്റി ഏറ്റവും ഒടുവിൽ നടത്തിയ പരിപാടി. ഇതിനിടെ ജനറൽ കണ്‍വീനർ രാജിവയ്ക്കുകയുമുണ്ടായി. ആക്ഷൻ കമ്മിറ്റി പ്രവർത്തനം മരവിച്ചതിനു പിന്നിൽ പരിപാടികളിലെ പങ്കാളിത്തം കുറഞ്ഞതിനു പുറമേ സാന്പത്തിക പ്രതിസന്ധി ഉൾപ്പെടെ വിഷയങ്ങളും ഉണ്ടെന്നു ഭാരവാഹികളിൽ ഒരാൾ പറഞ്ഞു.