ആയുധങ്ങൾ കാട്ടി പണം തട്ടിയെടുത്തതായി പരാതി
1300462
Tuesday, June 6, 2023 12:22 AM IST
കൽപ്പറ്റ: തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. വയനാട് അട്ടമലയിൽ സന്ദർശനത്തിനെത്തിയ പാലക്കാട് ചാത്തന്നൂർ നരംകുന്നത്ത് അൻസാദിനും ഭാര്യയ്ക്കുമാണ് ദുരനുഭവം.
ഏഴംഗ സംഘം ആയുധങ്ങൾ കാട്ടി വിരട്ടി കൈവശം ഉണ്ടായിരുന്ന 70,000 രൂപയും ജി പേ ചെയ്യിച്ച് 18,000 രൂപയും തട്ടിയെടുത്തതായി അൻസാദ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അൻസാദും ഭാര്യയും അട്ടമലയിൽ എത്തിയത്. ഇതിനു പിന്നാലെയാണ് സായുധ സംഘം ഇവരെ വളഞ്ഞത്. രാത്രി ഏഴോടെയാണ് അക്രമികളിൽനിന്നു രക്ഷപ്പെട്ടതെന്നും അൻസാദിന്റെ പരാതിയിലുണ്ട്.