ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം
1299342
Friday, June 2, 2023 12:13 AM IST
കൽപ്പറ്റ: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിങ്ങ് കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ മുഴുവൻ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഫുഡ്സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷൻ നിർബന്ധമാണ്.
സ്ഥാപനത്തിലെ ഭക്ഷണപദാർത്ഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റെടുത്തിരിക്കണം. ഭക്ഷ്യശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കെമിക്കൽ, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോർട്ട് ആറുമാസത്തിലൊരിക്കൽ പുതുക്കിയിരിക്കണം.
അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ ശരിരായ താപനിലയിൽ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തണം. മയോണൈസ് പോലുള്ളവ ഒരോമണിക്കൂർ ഇടവിട്ട് തയ്യാറാക്കി കൃത്യമായ താപനിലനിലയിൽ സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാൻ നൽകണം. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽസമയം സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കരുത്. ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണം. കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യമുളള ഊഷ്മാവ് നിലനിർത്താനുള്ള സൗകര്യം ഭക്ഷ്യ കണ്ടൈനർക്ക് ഉണ്ടായിരിക്കണം. കൂടാതെ വാഹനത്തിന് ഫുഡ്സേഫ്റ്റി രജിസ്ട്രേഷൻ, ലൈസൻസ് നേടിയിരിക്കണം.
പാഴ്സൽ വിൽപ്പന നടത്തുന്പോൾ തീയതി, തയാറാക്കിയ സമയം, എത്ര സമയത്തിനുളളിൽ ഉപയോഗിക്കണമെന്ന വിവരം എന്നിവ രേഖപ്പെടുത്തണം. ഭക്ഷ്യ സ്ഥാപനത്തിലെ പാഴ്വസ്തുക്കൾ, മറ്റ് മാലിന്യങ്ങൾ എന്നിവ പാചകം, വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റി അടച്ച് സൂക്ഷിക്കണം. പാചകം ചെയ്യുന്നവരും, വിതരണം ചെയ്യുന്നവരും ഹെയർ നെറ്റ് നിർബന്ധമായും ധരിക്കണം. സ്ഥാപനത്തിനകത്തും, പരിസരത്തും ഈച്ച, പ്രാണികൾ, എലി എന്നിവ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. മത്സ്യം, മാംസം, പലചരക്ക് സാധനങ്ങൾ മുതലായവ ഫുഡ്സേഫ്റ്റി ലൈസൻസ്, രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം ശേഖരിക്കാൻ സംഭരണികൾ വൃത്തിയായി കഴുകി അടച്ച് സൂക്ഷിക്കണം. ചീഞ്ഞതും കേടായതുമായ മത്സ്യം, മാംസം, പച്ചക്കറികൾ എന്നിവ പാചകത്തിനായി ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദ്ദേശം നൽകി.