തോട്ടം തൊഴിലാളികൾ വഴിതടയൽ സമരം നടത്തി
1299108
Thursday, June 1, 2023 12:39 AM IST
മാനന്തവാടി: സേവന-വേതന കരാർ ഉടൻ പുതുക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ(ഐഎൻടിയുസി) നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ ഗാന്ധി പാർക്കിൽ വഴിതടയൽ സമരം നടത്തി. 15 മിനിറ്റ് നീണ്ട സമരം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്തു. കാലാവധി അവസാനിച്ച് 17 മാസം കഴിഞ്ഞിട്ടും കരാർ പുതുക്കാത്തത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കൃഷ്ണൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ തൊഴിലാളികൾക്കു അനുകൂലമായ ശിപാർശകൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സംന്പൂർണ ഭവനപദ്ധതി നടപ്പാക്കുക, പാടികളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. പി.എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. എം.ജി. ബിജു, പി.വി. ജോർജ്,പി.എം. ജോർജ്, എം.പി. ശശികുമാർ, ബേബി തുരുത്തിയിൽ, ടി. കുഞ്ഞാപ്പു, ടി. ശശിധരൻ, കെ. കൃഷ്ണൻ,എസ്. സഹദേവൻ, ബഷിർ ചിറക്കര, സി.ബി. പ്രസാദ്,ടി.കെ. സമദ്, തങ്കമ്മ യേശുദാസ് എന്നിവർ പ്രസംഗിച്ചു.