അദാലത്ത് ജനങ്ങൾ ഏറ്റെടുത്തെന്ന് മന്ത്രി എം.ബി. രാജേഷ്
1298846
Wednesday, May 31, 2023 4:56 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കരുതലും കൈത്താങ്ങും അദാലത്ത് ജനങ്ങൾ ഏറ്റെടുത്തതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലയിലെ മൂന്നാമത് അദാലത്ത് മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികത്വത്തിന്റെ പേരിൽ ദീർഘകാലമായി തീരുമാനമാകാതെനിന്ന പരാതികൾ പോലും അദാലത്തിൽ പരിഹരിച്ചു.
സാധാരക്കാരായ നുറുകണക്കിനാളുകൾ അദാലത്തിൽ നിന്നും കിട്ടിയ അനുകൂല പരിഹാരവുമായാണ് മടങ്ങിയത്. നിയമപരമായി പരിഹരിക്കാൻ കഴിയുന്ന പരാതികൾ മാത്രമാണ് അദാലത്ത് പരിഗണിച്ചത്. സർക്കാരിന്റെ സംവിധാനങ്ങൾ മുഴുവൻ പരാതി പരിഹാരത്തിന് അദാലത്ത് വേദിയിൽ സജ്ജമാക്കിയിരുന്നു. റേഷൻ കാർഡ് തരംമാറ്റൽ പോലുള്ള നടപടികൾ അനവധി കുടുംബങ്ങൾക്ക് ആശ്വാസമായി. സർക്കാർ ഓഫീസുകളിലും തുടർ പ്രവർത്തനങ്ങൾ നടക്കണം. സേവനങ്ങൾ ജനങ്ങൾക്ക് മുറയ്ക്ക് ലഭിക്കേണ്ട നടപടിക്രമങ്ങളാണ്. ഇതിനിടയിൽ ഒരു കുടക്കീഴിൽ പരാതികൾ പരിഹരിക്കുന്ന അദാലത്തുകളും നാടിന് ആശ്വാസമാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്രളയ പുനരധിവാസത്തിനായി അദാലത്തിൽ അപേക്ഷ നൽകിയ വരയാൽ കല്ലട അവ്വ ഉമ്മയ്ക്ക് പത്ത് ലക്ഷം രൂപ ധനസഹായവും തൃശിലേരിയിൽ നിന്നുള്ള ത്രേസ്യാമ്മയ്ക്ക് മുൻഗണനാ റേഷൻ കാർഡും ചടങ്ങിൽ വിതരണം ചെയ്തു.
കായിക മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. രേണുരാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, എഡിഎം എൻ.ഐ. ഷാജു, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിധികൾ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.