വാച്ച് ടവർ നിർമാണം തടഞ്ഞു
1298192
Monday, May 29, 2023 12:24 AM IST
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ലാറസ്റ്റൻ നാലാം നന്പറിൽ വനം വകുപ്പ് വാച്ച് ടവർ നിർമിക്കുന്നത് നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സഹദേവന്റെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. സെക്ഷൻ 17ൽപ്പെട്ട ഭൂമിയിലാണ് വാച്ച് ടവർ നിർമിക്കുന്നതെന്നാണ് വനം ഉദ്യോഗസ്ഥരുടെ വാദം. പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ വാച്ച് ടവർ നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എതിർപ്പുണ്ടായാലും പ്രവൃത്തി നടത്തുമെന്നും അവർ പറയുന്നു.
വാച്ച് ടവർ നിർമാണത്തിലൂടെ പ്രദേശം വനംവകുപ്പ് നിയന്ത്രണത്തിലാക്കുമെന്നും ഇത് വികസന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. പ്രവൃത്തി തടസപ്പെടുത്തിയതറിഞ്ഞ് റവന്യൂ, പോലീസ്, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ആർഡിഒയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുലഭിച്ചതിനെത്തുടർന്നാണ് നാട്ടുകാർ പിരിഞ്ഞത്.