കൽപ്പറ്റ: മൂന്നു വർഷങ്ങളായി നടക്കാതിരുന്ന അധിക തസ്തിക നിർണയം പുതിയ അധ്യായനവർഷത്തിലും പൂർത്തിയാക്കാതെ ഉദ്യോഗാർഥികളെ വിദ്യാഭ്യാസ, ധന വകുപ്പുകൾ പരിഹസിക്കുന്നു.
ഫെബ്രുവരി 16ന് 1442 അധിക തസ്തികകളിലേക്കുള്ള ശിപാർശ ധനവകുപ്പിൽ എത്തിയെങ്കിലും തുടർ നടപടി അനന്തമായി നീളുകയാണ്. ഇത് അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെയും വിദ്യാലയങ്ങളിൽ മതിയായ അധ്യാപകരില്ലാതെ വലയുന്ന വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുകയാണ്. കഴിഞ്ഞ അധ്യയനവർഷം അധിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർക്കു വേതനം ലഭിച്ചല്ല. അതിനാൽ പുതിയ അധ്യായനവർഷം അധിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ കഴിയാതെ സ്കൂൾ അധികൃതർ പ്രയാസപ്പെടുകയാണ്. ആവശ്യത്തിനു അധ്യാപകർ ഇല്ലാത്തത് പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. അധ്യാപകരുടെ കുറവ് കുട്ടികൾ അവകാശ നിഷേധം നേരിടുന്നതിനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം ഹനിക്കപ്പെടുന്നതിനും കാരണമാകുകയാണെന്നു ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്.