വയനാട് വാര്യാട് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
1296703
Tuesday, May 23, 2023 12:53 AM IST
കൽപ്പറ്റ: ദേശീയപാത 766ൽ മുട്ടിൽ വാര്യാടിന് സമീപം ഫെബ്രുവരി 25ന് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ബാലന്റെ ഭാര്യ ശാരദയാണ്(50) മരിച്ചത്. ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറിൽ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരേ വന്ന കെഎസ്ആർടിസി ബസിലിടിച്ചായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർ മുട്ടിൽ എടപ്പെട്ടി വാക്കൽവളപ്പിൽ ഷെരീഫ് (50), യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി (49) എന്നിവർ സംഭവദിവസം മരിച്ചിരുന്നു. ഓട്ടോയിലെ യാത്രക്കാരിയായിരുന്നു ശാരദയും. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച ഭക്ഷ്യക്കിറ്റ് വാങ്ങി കല്ലുപാടി ട്രൈബൽ ഹോസ്റ്റലിൽനിന്നു ഷെരീഫിന്റെ ഓട്ടോയിൽ അമ്മിണിയും ശാരദയും കോളനിയിലേക്ക് പോകുന്പോഴായിരുന്നു ദുരന്തം.
കാറിൽ തട്ടി വട്ടംകറങ്ങിയ ഓട്ടോറിക്ഷ കോഴിക്കോടുനിന്നു ബത്തേരിക്കുള്ള ടൗണ്‍ ടു ടൗണ്‍ ബസിലാണ് ഇടിച്ചത്. ഓട്ടോയുടെ പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികൻ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിനും അപകടത്തിൽ പരിക്കേറ്റിരുന്നു. വിജയൻ ശാരദയുടെ മകനാണ്.