പിഎം കിസാൻ; നടപടികൾ 31 നകം പൂർത്തീകരിക്കണം
1296632
Tuesday, May 23, 2023 12:22 AM IST
കൽപ്പറ്റ: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ മുടങ്ങിയ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇകെവൈസി, ഭൂമി സംബന്ധമായ വിവരങ്ങൾ എന്നിവ 31 നകം പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം.
പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേനെയും ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനായി 25, 26, 27 തീയതികളിൽ കാന്പയിൻ സംഘടിപ്പിക്കും.
പിഎം കിസാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇകെവൈസി പൂർത്തീകരിക്കണം. അക്ഷയ, സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാർ തയാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷൻ എന്നിവ വഴി ഇകെവൈസി പൂർത്തീകരിക്കാം. ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമി വിവരങ്ങൾ റവന്യു വകുപ്പിന്റെ ‘റെലിസ്’ പോർട്ടലിൽ സമർപ്പിക്കണം.
ആനുകൂല്യം തുടർന്നും ലഭിക്കാൻ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ വിവരങ്ങൾ നേരിട്ടോ, അക്ഷയ/ പൊതുസേവന കേന്ദ്രങ്ങൾ വഴിയോ ചേർക്കണം. ‘റെലിസ്’ പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, ഭൂമി വിവരങ്ങൾ ലഭ്യമാണെങ്കിലും ഇതുവരെ ഓണ്‍ലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷയും, 2018 - 2019ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച് വിവരങ്ങൾ പിഎം കിസാൻ പോർട്ടലിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവൻ സന്ദർശിക്കുക. ഫോണ്‍: 04936 202506, ടോൾഫ്രീ: 18004251661.