ഷാനിയുടെ നന്മയിൽ റീനയ്ക്ക് തിരികെ കിട്ടിയത് അഞ്ചേകാൽ പവൻ
1279759
Tuesday, March 21, 2023 11:17 PM IST
കാട്ടിക്കുളം: ബസ് യാത്രയ്ക്കിടെ ചുരിദാറിന്റെ ഷാളിൽ കുരുങ്ങിയനിലയിൽ കിട്ടിയ അഞ്ചേകാൽ പവന്റെ മാല ഉടമയ്ക്കു ലഭ്യമാക്കി യുവതി മാതൃകയായി. ഒണ്ടയങ്ങാടി ബയോവിൻ അഗ്രോ റിസർച്ചിലെ തൊഴിലാളി ഷാനി എൽദോയാണ് മാല ഉടമ നെല്ലിയന്പം ഗവ.എൽപി സ്കൂൾ ജീവനക്കാരി റീന സുകുമാരനു ലഭ്യമാക്കിയത്.
തിങ്കളാഴ്ച രാവിലെ കാട്ടിക്കുളം അന്പത്തിനാലിൽനിന്ന് ഒണ്ടയങ്ങാടിയിലേക്ക് യാത്ര ചെയ്ത ഷാനി ബസിറങ്ങിയപ്പോഴാണ് ഷാളിന്റെ അറ്റത്ത് സ്വർണമാല കുരുങ്ങിയാടുന്നത് കണ്ടത്. ഉടൻ ബസിലുണ്ടായിരുന്ന പരിചയക്കാരായ യാത്രക്കാരുമായി ഫോണിൽ ബന്ധപ്പെട്ട ഷാനി പോലീസിലും വിവരം അറിയിച്ചു. അന്വേഷണത്തിൽ മാല റീനയുടേതാണെന്നു മനസിലായി.
ഷാനി വിളിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടെന്ന് റീന അറിഞ്ഞത്. റീന ഹാൻഡ് ബാഗിൽ സൂക്ഷിച്ചതായിരുന്നു മാല.
യാത്രയ്ക്കിടെ ടിക്കറ്റിനുള്ള പണമെടുക്കുന്നതിനു ബാഗ് തുറന്നപ്പോൾ മാല പുറത്തുവീണതാകാമെന്ന് റീന പറഞ്ഞു. കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റിൽ ഷാനി മാല റീനയ്ക്കു കൈമാറി.