കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം: ക്രമക്കേട് തുടരുന്നുവെന്ന്
1264070
Wednesday, February 1, 2023 11:36 PM IST
കൽപ്പറ്റ: കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റത്തിൽ കോടതി ഇടപെട്ടിട്ടും ക്രമവിരുദ്ധത തുടരുന്നതായി ആരോപണം. ഭരണാനുകൂല സംഘടനയുടെ സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തിയാണ് സ്ഥലംമാറ്റങ്ങളെന്നു അഗ്രികൾച്ചറൽ അസിസ്റ്റൻസ് അസോസിയേഷൻ നേതൃത്വം പറയുന്നു.
സോഫ്റ്റ്വേർ ഇല്ലെന്ന കാരണം പറഞ്ഞ് 2021ൽ പൊതു സ്ഥലംമാറ്റം നടത്തിയില്ല. ജീവനക്കാർ കോടതിയെ സമീപിച്ചതിനെതുടർന്ന് 2022ലെ സ്ഥലംമാറ്റ വിജ്ഞാപനം മാർച്ചിൽ പ്രസിദ്ധപ്പെടുത്തി. എങ്കിലും സർക്കാരിന്റെ പ്രഖ്യാപിത നയമായ ഓണ്ലൈൻ സ്ഥലമാറ്റം ഇതേവരെ നടന്നില്ല.
അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരുടെ നിയമനവും സ്ഥലമാറ്റവും ചില ഭരണാനുകൂല സംഘടനകളുടെ താത്പര്യപ്രകാരം കൃഷി ഡയറക്ടറേറ്റിൽനിന്നു ജില്ലാതലത്തിലേക്ക് മാറ്റി. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലംമാറ്റം നടത്തുന്പോൾ അതേ ജില്ലയിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഇതിന് പ്രത്യേകം സോഫ്റ്റ്വേർ തയാറാക്കാത്തതിനാൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിരന്തരം ഉത്തരവുകൾ ഇറക്കുകയും തിരുത്തുകയും ചെയ്യുകയാണ്. മറ്റു ജില്ലകളിൽ കൂടുതൽ കാലം സേവനമനുഷ്ഠിച്ചവർക്ക് മാതൃ ജില്ലയിലേക്ക് സ്ഥലമാറ്റത്തിന് മുൻഗണന എന്ന നിബന്ധന പാലിക്കപ്പെടാത്തതടക്കം ക്രമവിരുദ്ധതകളുമായാണ് ഉത്തരവുകൾ ഇറങ്ങുന്നത്.
ഒരു കൃഷിഭവനിൽ മൂന്ന് കൃഷി അസിസ്റ്റന്റുമാരുടെ തസ്തികകളാണുള്ളത്. എന്നാൽ അടുത്ത കാലത്തെ ഉത്തരവിൽ അഞ്ച് കൃഷി അസിസ്റ്റന്റുമാരെ വരെ നിയമിച്ചു. രണ്ട് ഒഴിവുകളുള്ള ചിലയിടങ്ങളിൽ ഒരാളെ മാത്രം നിയമിച്ചു.
അപേക്ഷിച്ച എല്ലാ ജീവനക്കാർക്കും മാറ്റം നൽകിയിട്ടില്ല. ഒഴിവുകൾ ഒന്നും നികത്താത്ത ഓഫീസുകളും ഉണ്ട്. സ്ഥലംമാറ്റത്തിന്റെ സമയമല്ലാത്ത ജനുവരിയിൽ തലങ്ങും വിലങ്ങും ജീവനക്കാരെ മാറ്റി. ക്രമവിരുദ്ധതയ്ക്കെതിരേ പ്രക്ഷോഭം നടത്തുമെന്നു അസോസിയേഷൻ നേതാക്കൾ പറഞ്ഞു.