ഉപദ്രവകാരികളായ വന്യ മൃഗങ്ങളെ വെടിവച്ചു കൊല്ലണം: അഖിലേന്ത്യ കിസാൻ സഭ
1262290
Thursday, January 26, 2023 12:13 AM IST
സുൽത്താൻ ബത്തേരി: നാട്ടിലിറങ്ങി ഉപദ്രവകാരികളായി തീരുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്ന് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വന്യമൃഗശല്യം വർധിച്ചു വരുന്പോൾ നാട്ടിൽ സ്വൈര്യ ജീവിതം നയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. വന്യമൃഗങ്ങളുടെ എണ്ണം വർധിച്ച് വനത്തിന് താങ്ങാൻ ആവാതെ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി മനുഷ്യരെ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യുന്പോൾ കർഷകരുടെ ദീനരോദനം അവഗണിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പല വിദേശരാജ്യങ്ങളിലും അധികരിക്കുന്ന വന്യമൃഗങ്ങൾക്ക് പരിഹാരം കാണുന്പോൾ നമ്മുടെ രാജ്യത്ത് മനുഷ്യനെ അവഗണിക്കുന്ന നയം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കിസാൻ സഭ ബത്തേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയ്, സെക്രട്ടറി അംബി ചിറയിൽ, അഡ്വ.കെ. ഗീവർഗീസ്, എ.സി. തോമസ്, കെ.പി. അസൈനാർ, പി.ജി. സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.