ശ്രീചിത്ര ടെലി ഹെൽത്ത് യൂണിറ്റ് സേവനം നല്ലൂർനാട് ട്രൈബൽ ആശുപത്രിയിലും
1262282
Thursday, January 26, 2023 12:13 AM IST
കൽപ്പറ്റ: ശ്രീചിത്ര ടെലിഹെൽത്ത് യൂണിറ്റിന്റെ (സേതു) പ്രവർത്തനം 27 മുതൽ നല്ലൂർനാട് ഗവ. ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ലഭ്യമാവും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ നല്ലൂർനാട് കാൻസർ യൂണിറ്റിലെത്തുന്ന രോഗികൾക്ക് കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ ഓങ്കോളജി ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് രൂപീകരിച്ചു കൊണ്ട് വിദഗ്ധ ഡോക്ടറുമാരുമായി ആശയവിനിമയം നടത്തി ചികിത്സ നേടാൻ സാധിക്കും. രോഗികളുടെ തുടർചികിൽസ സംബന്ധിച്ച നിർദേശങ്ങളും ഇത്തരത്തിൽ ലഭ്യമാകും.
ശാസ്ത്ര സാങ്കേതിക വാർത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ആരോഗ്യ സേവന പദ്ധതിയാണ് ശ്രീചിത്ര ടെലിഹെൽത്ത് യൂണിറ്റ് (സേതു). നിലവിൽ ആധുനിക സജ്ജീകരണങ്ങളുള്ള ടെലിമെഡിസിൻ വാനുകൾ ഉപയോഗിച്ചാണ് ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ്ഗവിഭാഗക്കാർക്കും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമാണ് ഈ സേവനത്തിൽ മുൻഗണന ലഭിക്കുക. വിദഗ്ധ ഡോക്ടർമാരുടെ സേവനം ആവശ്യമുള്ള രോഗികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പരിശോധിച്ചതിനുശേഷം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ടെലിമെഡിസിൻ വാൻ ആരോഗ്യകേന്ദ്രത്തിൽ എത്തുന്പോൾ വാനിലുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താൽ വിദഗ്ദ്ധ ഡോക്ടർമാരുമായി ആശയവിനിമയം നടത്തി ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെയും കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരുടെ സേവനം പദ്ധതിയിലൂടെ ലഭ്യമാണ്. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, പൾമനോളജി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷാലിറ്റി സേവനങ്ങളും ജനറൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ സ്പെഷാലിറ്റി സേവനങ്ങളും ലഭിക്കും.