‘അന്നത്തിനു കാവൽ’: കിസാൻസഭ രാത്രികാല സമരം നടത്തി
1244342
Tuesday, November 29, 2022 11:57 PM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക്, മാറോടു പ്രദേശങ്ങളിലെ രൂക്ഷമായ ആന ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരേ അഖിലേന്ത്യ കിസാൻസഭ നൂൽപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അന്നത്തിന് കാവൽ എന്ന മുദ്ര വാക്യം ഉയർത്തി രാത്രി കാല കാവൽ സമരം സംഘടിപ്പിച്ചു. പ്രദേശങ്ങളിലെ നെല്ല് കൊയ്യാൻ പാകമായ സമയത്തു ആന ഏക്കറു കണക്കിന് കൃഷിയിടമാണ് നശിപ്പിക്കുന്നത്. വനം വകുപ്പ് രാത്രി സമയങ്ങളിൽ പട്രോളിംഗ് നടത്താനോ വാച്ചർമാരെ നിയമിക്കാനോ തയാറാകുന്നില്ല. ആനയിറങ്ങുന്ന പ്രേദേശങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നതിനും വനം വകുപ്പ് തയാറാകുന്നില്ല.
ഒരു മാസക്കാലം വനം വകുപ്പ് അന്നത്തിനു കാവൽ നിന്നാൽ ഇവിടുത്തെ കർഷകർക്ക് നെല്ല് കൊയ്തെടുക്കാൻ കഴിയും. വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് കിസാൻ സഭ ഇത്തരത്തിൽ ഒരു സമരം സംഘടിപ്പിച്ചത്. പന്തം കത്തിച്ചുവച്ചും തീകൂട്ടിയിട്ടുമാണ് കാവൽ സമരം നടത്തിയത്.
കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.എം. ജോയ് സമരം ഉദ്ഘാടനം ചെയ്തു. കെ.ജി. തങ്കപ്പൻ, ഷാജി വാകേരി, എ.എം. ജോയ്, എം.എൻ. ജോർജ്, കെ.പി. അസൈനാർ, പി.ജി. സോമനാഥൻ, പി. മോഹനൻ, ഡിഗോൾ തെക്കുംപുറത്ത്, അനിൽ സ്റ്റീഫൻ, സാബു പാടശേരി, എം.ആർ. ശശിധരൻ, ആന്റണി വെള്ളമറ്റം, സി.പി. ബേബി, അറമുഖൻ മാറോടു, ചിന്നൻ മാറോട് തുടങ്ങിയവർ പ്രസംഗിച്ചു.