ജപ്തി നടപടികൾ നിർത്തിവയ്ക്കണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1244340
Tuesday, November 29, 2022 11:57 PM IST
സുൽത്താൻ ബത്തേരി: ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. സർക്കാരിന്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും മറ്റ് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് ജപ്തി നോട്ടീസ് അയച്ച് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രളയക്കെടുതിയും കോവിഡും മൂലം പ്രതിസന്ധിയിലായ ജനങ്ങൾ സാധാരണ നിലയിലേക്ക് എത്താൻ പരിശ്രമിക്കുകയാണ്.
ജില്ലയ്ക്ക് അനുവദിച്ച കാർഷിക പാക്കേജ് പൂർണമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഹകരണ ബാങ്കുകൾ പോലും ജപ്തി നോട്ടീസ് അയച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കാർഷിക വില തകർച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം കർഷകർ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.