പിഎസ്സി പിൻവാതിൽ നിയമനം: വ്യത്യസ്ത സമരവുമായി കെസിവൈഎം
1244137
Tuesday, November 29, 2022 12:11 AM IST
കൽപ്പറ്റ: പിഎസ്സി പിൻവാതിൽ നിയമനങ്ങൾക്കെതിരേ പ്രതിഷേധിക്കാൻ വ്യത്യസ്ത സമരമുറയുമായി മാനന്തവാടി രൂപത കെസിവൈഎം. തീറ്റമത്സരം നടത്തിയാണ് കെസിവൈഎം പ്രതിഷേധം. സർക്കാർ ജോലിക്കായി പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും പിന്തള്ളപ്പെടുന്നവരുടെ പ്രതിഷേധമായാണ് ആക്ഷേപഹാസ്യ തീറ്റമത്സരം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികാരികളുടെ വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ജോലി നൽകുന്നത്. ഇതിൽ പ്രതിഷേധിച്ച് 30ന് വൈകുന്നേരം നാലിന് കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന പരിപാടി ടി. സിദ്ദിഖ് എഎൽഎ ഉദ്ഘാടനം ചെയ്യും.
കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും തഴയപ്പെടുന്നവരുടെ വേദന അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാർഹമാണെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡന്റ് റ്റിബിൻ പാറക്കൽ, കോഓഡിനേറ്റർ ബ്രാവോ പുത്തൻപുരയിൽ, സിൻഡിക്കേറ്റ് അംഗം ടെസിൻ തോമസ് വയലിൽ, ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ എന്നിവർ പറഞ്ഞു.