ചെലവ് കൂടുതല്‍, വരുമാനം കുറവ് ; ക്ഷീരമേഖലയില്‍ നിന്നുയരുന്നത് കര്‍ഷകരുടെ വിലാപങ്ങള്‍
1599670
Tuesday, October 14, 2025 7:40 AM IST
കൂരാച്ചുണ്ട്: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയോടെ ക്ഷീര മേഖലയിലേക്കു ചുവടുമാറിയ കര്‍ഷകര്‍ക്ക് അവിടെയും രക്ഷയില്ല. കാലിത്തീറ്റ വില വര്‍ധനവും മറ്റു കന്നുകാലി പരിപാലനച്ചെലവുകളും ഭീമമായി വര്‍ധിച്ചതിനാല്‍ ക്ഷീരവ്യവസായ മേഖലയില്‍ പിടിച്ചുനില്ക്കാന് കഴിയാതെ കടുത്ത പ്രതിസന്ധിയിലാണ് കര്‍ഷകര്‍. ക്ഷീരോല്പാദന രംഗത്തു നിന്നും കര്‍ഷകര്‍ ഒന്നൊന്നായി പിന്തിരിയുകയാണ്.
ക്ഷീരോല്പാദനം ജീവിതോപാധിയായി തെരഞ്ഞെടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ നിരവധി കര്‍ഷകരിന്ന് കണ്ണീര്‍ക്കയത്തിലാണ്. കാലിത്തീറ്റ വില കുത്തനെ ഉയര്‍ന്നിട്ടും അതിന് അനുസരിച്ച് പാല് വില വര്‍ധിപ്പിക്കാനും മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും നടപടി ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റക്കു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പുല്ല്, ചോളപ്പുല്ല്, ബിയര്‍ വേസ്റ്റ്, ചോളപ്പൊടി തുടങ്ങിയവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്.
പണം മുടക്കുന്നതിനനുസരിച്ച് വരുമാനം ലഭിക്കാത്തതാണ് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. പാലുത്പ്പാദനത്തിനുള്ള ഭാരിച്ച ചെലവിനു പുറമെ, കന്നുകാലികളുടെ രോഗ ചികിത്സ തുടങ്ങിയവയ്ക്കും വന്‍ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. കൂരാച്ചുണ്ട് മേഖലയില്‍ നിരവധി ആളുകള്‍ പശുവളര്‍ത്തലിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നു.
കൂരാച്ചുണ്ട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കണക്ക് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 217 ഓളം ക്ഷീര കര്‍ഷകരാണ് ക്ഷീരമേഖലയില്‍ നിന്ന് പിന്തിരിഞ്ഞ് മറ്റു ജീവിതമാര്ഗങ്ങളന്വേഷിക്കാന് നിര്‍ബന്ധിതരായത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 392 കര്‍ഷകരില്‍ നിന്നായി സൊസൈറ്റിയില്‍ 10,45,730.1 ലിറ്റര്‍ പാല് സംഭരിച്ചിരുന്നു. 2023-24 സാമ്പത്തിക വര്‍ഷമായപ്പോള്‍ കര്‍ഷകരുടെ എണ്ണം 296 ആയി കുറഞ്ഞു. പാലുല്പാദനം 717213.6 ലിറ്ററിലേക്കു കൂപ്പുകുത്തുകയും ചെയ്തു. തുടര്‍ന്ന് 2024-25 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഉല്പാദനം വീണ്ടും കുറഞ്ഞു; 704284.3 ലിറ്റര്‍.നിലവില്‍ 175 കര്‍ഷകര്‍ മാത്രമാണ് സൊസൈറ്റിയില്‍ പാല് അളക്കുന്നത്.
1785 ലിറ്റര്‍ പാല് മാത്രമാണ് പ്രതിദിനം സൊസൈറ്റിയില്‍ സംഭരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പാല് കൂടിയ വിലയ്ക്കാണ് ക്ഷീര സംഘങ്ങളും മറ്റു പൊതു സ്ഥാപനങ്ങളും പൊതുവിപണിയില്‍ വില്പന നടത്തുന്നത്. ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്ന ഒരു വിഭാഗം കൂടിയാണ് ക്ഷീരകര്‍ഷകര്‍. നിലവില്‍ ഒരു ലിറ്റര്‍ പാലിന് 44.90 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ 56 രൂപയാണ് പ്രാദേശികമായി വില്‍ക്കുന്ന ഒരു ലിറ്റര്‍ പാലിന് ക്ഷീരസംഘങ്ങള്‍ ഈടാക്കുന്നത്.
ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകനു ലഭിക്കുന്ന വരുമാനം തുച്ഛമാണ്. കടുത്ത ചുഷണം കാരണം ഈ മേഖലയില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണെന്നു കര്‍ഷകര്‍ പറയുന്നു. ക്ഷീര മേഖലയ്ക്ക് പ്രോത്സാഹനമായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ പറയുമ്പോഴും ഇതിന്റെ ഗുണം പലപ്പോഴും താഴേത്തട്ടിലേക്ക് എത്തുന്നില്ല.
ജോണ്സണ് പൂകമല