ഹിന്ദു മതമല്ല, ധര്‍മമാണ്: ആഷാ മേനോന്
1575639
Monday, July 14, 2025 5:20 AM IST
കോഴിക്കോട്: ഹിന്ദു മതമല്ല, ധര്‍മമാണെന്ന് പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ ആഷാ മേനോന് അഭിപ്രായപ്പെട്ടു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗുരുപൂര്‍ണിമ ആഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മം എന്നത് രഹസ്യാത്മകമാണ്. ഇത് ഉള്‍ക്കൊള്ളാതെ വേദങ്ങളെയും ഉപനിഷത്തുക്കളെയും വളച്ചൊടിക്കുകയും തരംതാഴ്ത്തുകയുമാണ് മാക്സ് മുള്ളറിനെപ്പോലുള്ളവര് ചെയ്തത്. വലിയ പ്രതിഭകളെപ്പോലും അദ്ദേഹം വഴിതെറ്റിച്ചുവെന്നും ആഷാ മേനോന് പറഞ്ഞു. ചടങ്ങില്‍, ആചാര്യശ്രീ രാജേഷ് രചിച്ച ‘ഹിന്ദുധര്‍മരഹസ്യം' പുസ്തകത്തിന്റെ ഇരുപതാം പതിപ്പിന്റെ പ്രകാശനവും നടന്നു.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് റിലയന്‍സ് ജിയോ (കേരളം) സീനിയര്‍ വൈസ് പ്രസിഡന്റ് കെ. സി. നരേന്ദ്രന് പുസ്തകം കൈമാറി.
കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ വിദ്യാജ്യോതി പുരസ്ക്കാരം അഡ്വ. ഡോ. പി. കൃഷ്ണദാസിന് ആചാര്യശ്രീ രാജേഷ് സമ്മാനിച്ചു. മീര കെ. രാജേഷ്, വിവേക് ഡി. ഷേണായ്, എം.ആര്. വേദലക്ഷ്മി, ഡോ.ബി. മനീഷ് എന്നിവര്‍ പങ്കെടുത്തു.