അറവുമാലിന്യവുമായി വന്ന വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ : ദുരിതം സഹിച്ച് നാട്ടുകാർ
1543577
Friday, April 18, 2025 5:09 AM IST
മുക്കം: അറവു മാലിന്യവുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ റോഡരികിൽ ഉപേക്ഷിച്ചതോടെ ദുരിതത്തിലായി നാട്ടുകാർ. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിയിക്ക് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടത്. നാട്ടുകാർ വലിയ പ്രയാസത്തിലാണ്.
കച്ചവട സ്ഥാപനങ്ങളിലേക്കുൾപ്പെടെ ആളുകൾ എത്തിപ്പെടാത്ത അവസ്ഥയാണ്. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് ദിവസങ്ങൾ പഴക്കമുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുപോയിരുന്നത്.
വാഹനം നിർത്തിയിട്ട സ്ഥലത്ത് രക്തവും മാലിന്യവുമുൾപ്പെടെ തളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. പുലർച്ചെ കുടുങ്ങിയ വാഹനത്തിന്റെ വിവരം പോലീസിലും ആരോഗ്യ വകുപ്പിലും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ വാഹനം കാരശ്ശേരി കറുത്ത പറമ്പിലും കുടുങ്ങിക്കിടന്നിരുന്നു.
എന്നാൽ പോലീസും പഞ്ചായത്ത് സെക്രട്ടരിയുമുൾപ്പെടെ ഇടപെട്ട് കാര്യമായി നടപടിയൊന്നും സ്വീകരിക്കാതെ പറഞ്ഞു വിടുകയായിരുന്നു എന്നും ആക്ഷേപമുണ്ട്. അതേ സമയം കറുത്ത പറമ്പിൽ നിന്ന് നീലേശ്വരം വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം വണ്ടിയിൽ നിന്ന് മാലിന്യമൊലിച്ച് ഈ റൂട്ടിലും യാത്ര ദുസഹമാണ്.