യുവാവ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ സംഭവം : പോലീസിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
1535626
Sunday, March 23, 2025 4:58 AM IST
കോഴിക്കോട്: പോലീസിനെതിരേ ഗുരുതര ആരോപണവുമായി കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ കുടുംബം. പ്രതി യാസിറിനെതിരെ പരാതി നൽകിയിട്ടും പോലീസ് അവഗണിച്ചെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്ന് ഷിബിലയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
രണ്ട് പേരോടും പോലീസ് കാര്യങ്ങൾ ചോദിച്ചു. അതിൽ കൂടുതൽ ഒരു നടപടി പോലീസ് എടുത്തില്ലെന്ന് പിതാവ് പറഞ്ഞു. അന്ന് പോലീസ് നടപടി എടുത്തിരുന്നു എങ്കിൽ ഷിബില ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ് പറയുന്നു. യാസിർ ലഹരിക്കടിമയാണ് എന്ന് പറഞ്ഞിട്ടും പോലീസ് അന്വേഷിച്ചില്ല. ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്താണ് യാസിർ. ഇത് അറിഞ്ഞ ഷിബില ഭയപ്പെട്ടിരുന്നു. ഇക്കാര്യം പോലീസിൽ അറിയിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു.
യാസിർ ഒരു ദിവസം രാത്രി അവന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി ഷിബിലയുടെ പിതാവ് പറയുന്നു. അവിടെ നിൽക്കാൻ താത്പര്യം ഇല്ലെന്ന് ഷിബില തങ്ങളെ അറിയിച്ചിരുന്നു. മകൾ അവിടെ നിന്ന് തന്നെ കെട്ടിപിടിച്ച് കരഞ്ഞു. തുടർന്നാണ് മകളെ കൂട്ടി വീട്ടിൽ വന്നത്. ഇത് വരെ ഒന്നും മകൾ തുറന്നു പറഞ്ഞിട്ടില്ല. അതിനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഷിബിലയെന്ന് പിതാവ് പറഞ്ഞു.
യാസിർ മദ്യപിച്ച് മകളെ അടിക്കാറുണ്ടെന്നും യാസിർ നന്നാവും എന്നായിരുന്നു ഷിബില കരുതിയതെന്നും പിതാവ് പറഞ്ഞു.സംഭവത്തിന് തലേദിവസം യാസിർ വീട്ടിൽ വന്നിരുന്നു. അന്ന് മദ്യലഹരിയിൽ ആയിരുന്നു. മകളുടെ ആഭരണങ്ങളും യാസിർ പണയം വച്ചു. മൂന്ന് തവണ വീട്ടിൽ വന്നപ്പോഴും കയ്യിൽ ബാഗ് ഉണ്ടായിരുന്നു.
സംഭവ ദിവസം സ്നേഹത്തിൽ ആണ് പെരുമാറിയത്. രണ്ട് കത്തി കൊണ്ട് ഷിബിലയെ കുത്തുകയായിരുന്നു. യാസിറിന് മകളെ മകളെ സംശയം ആയിരുന്നു. യാസിർ ചെറുപ്പത്തിൽ തന്നെ ലഹരി ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഈ ബന്ധം വേണ്ട എന്ന് മകളോട് പറഞ്ഞതാണ്. യാസിർ സ്ഥിരമായി ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് ഷിബിലയുടെ പിതാവ് പറഞ്ഞു.