ബോംബ് ശേഖരം: ഞെട്ടിത്തരിച്ച് പോലീസും നാട്ടുകാരും; കൂടുതൽ ബോംബുകൾ നിർമിച്ചതായി സൂചന
1511969
Friday, February 7, 2025 4:59 AM IST
നാദാപുരം: സമാധാന അന്തരീക്ഷം നിലകൊള്ളുന്ന ജില്ല അതിർത്തിയായ കായലോട്ട് താഴയിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് നാട്ടുകാരും പോലീസും. കായലോട്ട് താഴ പാറച്ചാലിൽ മുക്കിൽ റോഡിലെ കലുങ്കിനിടയിൽ വച്ചാണ് പോലീസ് പരിശോധനക്കിടയിൽ ബോംബുകൾ കണ്ടെത്തിയത്. മേഖലയിൽനിന്ന് വൻ തോതിൽ ബോംബുകൾ നിർമിച്ച് കടത്തിയതായി സൂചനയുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അർദ്ധരാത്രിയിൽ മേഖലയിൽ അജ്ഞത സ്ഫോടനങ്ങൾ അരങ്ങേറിയിരുന്നു. രാത്രി 11 ന് ശേഷമാണ് വൻ സ്ഫോടന ശബ്ദം കേട്ടിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ ബോംബുകൾ പിടികൂടി എന്നറിഞ്ഞപ്പോഴാണ് ബോംബ് നിർമാണം നടന്നതായുള്ള സൂചനകൾ ചിലർ പുറത്ത് പറയുന്നത്. കണ്ണൂർ - കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശമാണ് ബോംബുകൾ കണ്ടെത്തിയ സ്ഥലം. സ്കൂൾ കുട്ടികളടക്കം നടന്ന് പോകുന്ന റോഡിലെ കലുങ്കിൽ ബോംബുകൾ സൂക്ഷിച്ചത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.