തകർന്ന് ഭൂമിവാതുക്കൽ- വിലങ്ങാട് റോഡ് ; കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1509519
Thursday, January 30, 2025 5:16 AM IST
വിലങ്ങാട്: പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസഹമായ ഭൂമിവാതുക്കൽ- വിലങ്ങാട് റോഡ് ഉടൻ റീ ടാറിംഗ് നടത്തുക, മുടിക്കൽ പാലം മുതൽ വിലങ്ങാട് പുല്ലുവായി വരെയുള്ള മലയോര ഹൈവേ ലിങ്ക് റോഡ് ഉടൻ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേൽ പുതുക്കയത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ദൂരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി വിദ്യാർഥികളും ജില്ലയിലെ പ്രധാന ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളും ആശ്രയിക്കുന്ന ഈ റോഡിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരം വേണം. നൂറു കണക്കിന് വാഹനങ്ങളാണ് ദിവസേന ഈ റോഡിലൂടെ കടന്നു പോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാരിന്റെയും, സ്ഥലം എംഎൽഎയുടെയും ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.
റോഡ് റീ ടാറിംഗ് നടത്തിയിട്ട് 13 വർഷം കഴിഞ്ഞു. സർക്കാർ അലംബാവം വെടിഞ്ഞ് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധ സദസ് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.കെ. മുത്തലിബിന്റെ അധ്യക്ഷതയിൽ പി. എ. ആന്റണി ഉദ്ഘാടനം ചെയ്തു.
ഷെബി സെബാസ്റ്റ്യൻ, പി. ബാലകൃഷ്ണൻ, സെൽമ രാജു, കെ. ബാലകൃഷ്ണൻ, പി.എസ്. ശശി, കെ.പി. വിജയൻ, തോമസ് മാത്യു, ബിപിൻ തോമസ്, കെ.പി. മൊയ്തു ഹാജി, സാബു ജോസഫ്, സോജൻ പൊന്മല കുന്നേൽ, രാജൻ കമ്പളിപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു