സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണം ഉപഭോഗവസ്തുവെന്ന കാഴ്ചപ്പാട്: പി. സതീദേവി
1509503
Thursday, January 30, 2025 4:55 AM IST
കോഴിക്കോട്: സ്ത്രീയെ സഹജീവിയായി കാണുകയും ആ രീതിയില്‍ അംഗീകരിക്കുകയും ചെയ്യുന്നതിനു പകരം, അവരെ വെറും ഉപഭോഗ വസ്തുവായി കാണുന്ന സമീപനമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി.
മടപ്പള്ളി ഗവ. കോളജില്‍ "സാമൂഹിക മാധ്യമങ്ങളിലെ നന്മതിന്മകള്' എന്ന വിഷയത്തില്‍ നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളാണ് പലപ്പോഴും നടക്കുന്നത്. അടുത്തിടെ ഒരു നടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ അതിനു തെളിവാണ്.
സമൂഹത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ് ഇതിന് കാരണം. ഒരു സഹജീവിയെ സ്ത്രീയെ കാണാനുള്ള മനോഭാവം സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. വീടുകള്‍ക്കകത്തും പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഈയൊരു മനോഭാവം വളര്‍ന്നുവരേണ്ടതുണ്ട്.
ലിംഗനീതിയെന്ന കാഴ്ചപ്പാടിന് ശക്തിപകരുക എന്നതിനാണ് സംസ്ഥാന വനിതാ കമ്മിഷന് ഊന്നല്‍ നല്‍കുന്നത്. തുല്യനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും വിദ്യാര്‍ഥി സമൂഹങ്ങളില്‍ ഉള്‍പ്പെടെ ശക്തിപ്പെട്ടുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പാള്‍ പി.എം. ഷിനു അധ്യക്ഷനായി.