സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കമായി; മന്ത്രി റിയാസിനെതിരേ വിമര്‍ശനം
1509507
Thursday, January 30, 2025 5:10 AM IST
കോഴിക്കോട്: വടകര നാരായണ നഗരത്തില്‍ ആരംഭിച്ച സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരേ വിമര്‍ശനം. സംഘടനാ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികളുടെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ലമെന്റ് െതരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും വടകരയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടും തോല്ക്കാന് കാരണം പ്രവര്‍ത്തനത്തിലെ ഏകോപനമില്ലാത്തതുകൊണ്ടാണെന്ന വിമര്‍ശനം ഉണ്ടായി.
റിയാസ് പ്രതിനിധീകരിക്കുന്ന ബേപ്പൂര്‍ മണ്ഡലത്തില്‍ വോട്ടിംഗ് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വടകരയിലെ തോല്‍വിക്ക് സോഷ്യല്‍ മീഡിയയിലെ ഇടതു പ്രവര്‍ത്തകരുടെ പ്രൊഫൈലില്‍നിന്നുള്ള വ്യാജ പ്രചാരണങ്ങള്‍ തിരിച്ചടിയായി. ജില്ലയില്‍ പാര്‍ട്ടി അംഗത്വത്തില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായിട്ടും വോട്ടു വിഹിതം വര്‍ധിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
മൂന്നു ദിവസത്തെ സമ്മേളനംപോളിറ്റ്ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 439 പേരുള്‍പ്പെടെ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പിണറായി വിജയന് മൂന്നു ദിവസവും സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. പി ജയരാജന്, പി. കെ ശ്രീമതി, എ. കെ ബാലന്, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി.പി രാമകൃഷ്ണന്, ആനാവൂര്‍ നാഗപ്പന്, പുത്തലത്ത് ദിനേശന്, പി.എ മുഹമ്മദ് റിയാസ്, പി.കെ ബിജു എന്നിവരും പങ്കെടുക്കുന്നുണ്ട്.
രാവിലെ ടി.പി.ദാസന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി ഉള്‍പെടെയുള്ള നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. 31ന് നടക്കുന്ന റാലിയിലും പിണറായി പ്രസംഗിക്കും. അര ലക്ഷം പേരുടെ റാലിയോടെയാണ് സമ്മേളനത്തിന്റെ സമാപനം. വൈകിട്ട് നാലിന് 25,000 റെഡ് വളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ച് ആരംഭിക്കും.