മെഡിക്കല്‍ കോളജില്‍ ആറാം വിരലിനു പകരം നാവില്‍ ശസ്ത്രക്രിയ : പോലീസ് കേസില്‍ ഡോക്ടറെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കി
1509218
Wednesday, January 29, 2025 5:06 AM IST
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ അഡീഷണല്‍ പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെ വിചാരണ ചെയ്യാനാണ് അനുമതി.
കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഡോ. ബിജോണ്‍ ജോണ്സന്. ശസ്ത്രക്രിയാ വിവാദത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ടും ആരോഗ്യവകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച് സിആര്‍പിസി സെക്ഷന്‍ 197 പ്രകാരമാണ് ഡോക്ടറെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ചെറുവണ്ണൂര്‍ മധുരവനം സ്വദേശിയായ നാലു വയസുകാരിക്കു കഴിഞ്ഞ വര്‍ഷം മേയ് 16നാണ് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരലിനു ശസ്ത്രക്രിയ നടത്താനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന് തിയറ്ററില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ കുട്ടിയുടെ വായില്‍ പഞ്ഞി കണ്ട് വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് ഡോക്ടര്‍ക്കു സംഭവിച്ച പിഴവ് വ്യക്തമായത്. ആറാംവിരല്‍ അതേ സ്ഥാനത്ത് ഉണ്ടായിരുന്നു.
സംഭവം വിവാദമായതോടെ പിന്നീടു കൈവിരലിനും ശസ്ത്രക്രിയ നടത്തി. വീഴ്ച വ്യക്തമായതോടെ ഡോ. ബിജോണ്‍ ജോണ്‍സനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡു ചെയ്തു. കുഞ്ഞിന്റെ നാവിലെ കെട്ട് (ടംഗ് ടൈ) പരിഹരിക്കാനാണു ശസ്ത്രക്രിയ നടത്തിയതെന്നാണു ഡോക്ടറുടെ വിശദീകരിച്ചത്. പക്ഷേ രക്ഷിതാക്കളെ ഈ വിവരം അറിയിച്ചിരുന്നില്ല.
അനുമതിയില്ലാതെ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിയെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോലീസിന്റെ കണ്ടെത്തല്‍ ശരിവച്ചാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയത്.
ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ ഭാഗത്തുനിന്നു ഗുരുതരമായ ശ്രദ്ധക്കുറവ് ഉണ്ടായിയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ കോളജ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് (ഐപിസി 337) പ്രകാരമാണ് ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാ
ണിത്.