ഉരുട്ടി ഉന്നതിയിലെ കുടിവെള്ള പ്രശ്നം; മന്ത്രിക്ക് നിവേദനം നൽകി
1509206
Wednesday, January 29, 2025 4:57 AM IST
നാദാപുരം: വിലങ്ങാട് ഉരുട്ടി ഉന്നതിയിൽ കുടിവെള്ളം, റോഡ് സൗകര്യം എന്നിവ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ. കേളുവിന് നിവേദനം നൽകി. ജൂലായ് 30 ന് വിലങ്ങാട് മലയോരത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ ഉന്നതികളിൽ നിന്നുള്ള 32 ഓളം കുടുംബങ്ങളെയാണ് ഉരുട്ടി ഉന്നതിയിൽ അടിയന്തരമായി പുനരധിവസിപ്പിച്ചത്.
എന്നാൽ ഇവർക്ക് വേണ്ട കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നില്ല. സർക്കാർ കുടിവെള്ളത്തിനായി ഒരു കോടിയും, ഉന്നതിയിലേക്കുള്ള റോഡിനായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. ചിറ്റാരി എടപ്പക്കാവിൽ റോഡിന് അഞ്ച് കോടി രൂപയും അനുവദിച്ചിരുന്നു.
പ്രവൃത്തി തുടങ്ങാത്തതിനെ തുടർന്ന് വിലങ്ങാട്, വാണിമേൽ സിപിഎം നേതാക്കളായ എൻ.പി. വാസു, കെ.എൻ. നാണു, ടി. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി. അടിയന്തരമായി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.