പാക് ഭീകരന് ഇന്ത്യന്‍ പാസ്പോര്‍ട്ട്: നടപടി ഒഴിവാക്കാനുള്ള റിട്ട. പോലീസുകാരന്റെ ഹര്‍ജി സര്‍ക്കാര്‍ തള്ളി
1509498
Thursday, January 30, 2025 4:55 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: പാക് ഭീകരന് പാസ്പോര്‍ട്ട് നല്കാന് നടപടി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വകുപ്പുതല നടപടി നേരിടുന്ന റിട്ട. പോലീസുകാരന്റെ പുനഃപരിശോധനാ ഹര്‍ജി ആഭ്യന്തര വകുപ്പ് തള്ളി. മലപ്പുറം ജില്ലാ പാസ്പോര്‍ട്ട് സെല്ലില്‍ ജോലി ചെയ്തിരുന്ന എസ് സിപിഒ എം. അലവി, തന്റെ പെന്‍ഷനില്‍നിന്നു മൂന്നു വര്‍ഷത്തേക്ക് 500 രൂപ വീതം കുറവുവരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്താണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.
അലവി ഉന്നയിച്ച വാദങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദേഹത്തിനെതിരേയുള്ള വകുപ്പുതല അച്ചടക്ക നടപടി തുടരാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. 2006 ജൂണ്‍ 12ന് മുഹമ്മദ്, നടുവത്തില്‍ ഹൗസ്, കാവന്നൂര്‍ പി.ഒ.,അരീക്കോട് എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷ അലവി സ്വീകരിക്കുകയും പ്രാരംഭ നടപടികള്‍ സ്വീകരിക്കുകയും റിപ്പോര്‍ട്ട് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍നിന്നും കോഴിക്കോട് ജില്ലാ പാസ്പോര്‍ട്ട് ഓഫീസിലേക്കു അയക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരം പാസ്പോര്‍ട്ട് അനുവദിച്ചു നല്കി. പിന്നീട് അറസ്റ്റിലായ ഒരു പാക് ഭീകരന്റെ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് അലവി കുടുങ്ങിയത്. പാക് ഭീകരനു വ്യാജ വിലാസത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് അലവിയാണെന്ന വിവരങ്ങളെ തുടര്‍ന്ന് അദേഹത്തെ കോഴിക്കോട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണക്കൊടുവില്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് -3 കോടതി അലവിയെ വെറുതെ വിട്ടിരുന്നു. 2018 മേയ് 31ന് അലവി സര്‍വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു.
ആരോപണങ്ങളുമായി നിയമപരമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇല്ലാതെ ശിക്ഷിച്ച നടപടി ചട്ടങ്ങള്‍ക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും കോടതി കുറ്റവിമുക്തനാക്കിയതും ചൂണ്ടിക്കാട്ടിയുമാണ് വകുപ്പുതല നടപടിക്കെതിരേ അലവി പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്.