ദേശീയപാത 66 നവീകരണ പ്രവൃത്തി : മലാപ്പറമ്പ് ഓവര്‍പാസ് മാര്‍ച്ച് ആദ്യം തുറക്കും
1509220
Wednesday, January 29, 2025 5:06 AM IST
കോഴിക്കോട്: ദേശീയപാത 66 നവീകരണ പ്രവൃത്തിയുടെ ഭാഗമായി രാമനാട്ടുകര-വെങ്ങളം റീച്ചിലെ മലാപ്പറമ്പ് ജംഗ്ഷനില്‍ നിർമിക്കുന്ന വെഹിക്കിൾ ഓവർപാസിന്റെ ആറ് ഗർഡറുകൾ സ്ഥാപിച്ചു. ശേഷിച്ച എട്ട് ഗര്‍ഡറുകള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്ഥാപിക്കും. 250 ടൺ ഉയർത്താൻ ശേഷിയുള്ള മൂന്ന് വലിയ ക്രെയിനുകള്‍ ഉപയോഗിച്ചാണ് പ്രവൃത്തി.
ഇവ താല്‍ക്കാലികമായി വെങ്ങളത്തേക്ക് കൊണ്ടുപോയതിനാലാണ് പ്രവൃത്തി രണ്ടുദിവസം നീളുന്നത്. ഗര്‍ഡര്‍ സ്ഥാപിക്കല്‍ പൂർത്തിയാക്കുന്നതോടെ കമ്പി കെട്ടി സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ആരംഭിക്കും. നിലവില്‍ അടിത്തറയുടെ പണി പൂര്‍ത്തിയായി.
11.5 മീറ്റര്‍ ആഴത്തിലാണ് അടിത്തറയുടെ കുത്തുകാല്, റൗണ്ട് എബൗട്ട് എന്നിവ നിര്‍മിച്ചത്. ഇവിടെയാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നത്. കോഴിക്കോട്-വയനാട് പാതയാണ് ഓവർപാസായി പുനർനിർമിക്കുന്നത്. ഇതിനടിയിലൂടെയാണ് ദേശീയപാത കടന്നുപോകുക. 40 മീറ്ററിലാണ് നിര്‍മാണം.
മാർച്ച് 10ന് ഓവർപാസ് ഗതാഗതത്തിനായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്. വേങ്ങേരി വെഹിക്കിള്‍ ഓവർപാസിന്റെ ഗർഡറുകൾ പൂർത്തിയാക്കി സ്ലാബ് പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.