മയ്യഴി പുഴ കയേറി നികത്തിയ സംഭവം; കർശന നടപടി സ്വീകരിക്കും: ആർഡിഒ
1509517
Thursday, January 30, 2025 5:16 AM IST
നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേൽ പുഴയുടെ തെരുവൻ പറമ്പ് ഭാഗം കയേറി മണ്ണിട്ട് നികത്തിയ സ്ഥലം വടകര ആർഡിഒ ബിജു സന്ദർശിച്ചു.
പുഴയിൽ അനധികൃത കയേറ്റം നടന്നതായും പുറമ്പോക്ക് ഭൂമിയിലാണ് കയേറ്റക്കാർ മണ്ണിട്ട് മൂടിയതെന്നുമാണ് പ്രാഥമിക നിഗമനം. കയേറ്റം നടന്ന ഭൂമിയുടെ അളവ് നിശ്ചയിക്കാൻ അടയാളപ്പെടുത്തൽ വേണമെങ്കിൽ ഇറിഗേഷൻ വകുപ്പിന് വേണ്ട സഹായങ്ങൾ റവന്യൂ വകുപ്പ് നൽകുമെന്നും ആർഡിഒ പറഞ്ഞു.
പുഴ കയേറ്റക്കാർക്ക് എതിരേ കർശന നടപടി സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ഭൂമി കയേറ്റത്തിനായി ഉപയോഗിച്ച ലോറികളും ജെസിബിയും കസ്റ്റഡിയിൽ എടുക്കാനും ആർഡിഒ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ആർഡിഒയുടെ ഒപ്പം ഉണ്ടായിരുന്നു.