ട്രിപ്പ് മുടക്കി യാത്രക്കാരെ പെരുവഴിയിലിറക്കിയ ബസിന് പോലീസ് പിഴ ചുമത്തി
1509212
Wednesday, January 29, 2025 4:57 AM IST
നാദാപുരം: യാത്രക്കിടെ ട്രിപ്പ് മുടക്കി യാത്രക്കാരെ പാതി വഴിയിലിറക്കിയ ബസിന് പോലീസ് പിഴ ചുമത്തി. തൊട്ടിൽപാലം - വടകര റൂട്ടിൽ സർവീസ് നടത്തുന്ന അക്ട്രോസ് സ്വകാര്യ ബസിനാണ് നാദാപുരം പോലീസ് 7500 രൂപ പിഴ ഈടാക്കിയത്.
പെർമിറ്റ് ലംഘനത്തിനാണ് പിഴയിട്ടത്. തൊട്ടിൽ പാലത്ത് നിന്ന് വടകരയ്ക്ക് സർവീസ് നടത്തുന്നതിനിടെ കല്ലാച്ചിയിൽ ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെ റോഡിൽ ഇറക്കി വിട്ടെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിൽ ബസ് കല്ലാച്ചി സ്റ്റോപ്പിൽ എത്തിയ ഉടനെ യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
റോഡിൽ തിരക്കുള്ളതിനാൽ വടകരയ്ക്ക് സർവീസ് നടത്തുന്നില്ലെന്ന് ബസ് ജീവനക്കാർ യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാരും, ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പോലീസെത്തി യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയുമായിരുന്നു.കസ്റ്റഡിയിലെടുത്ത ബസ് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.